പനോരമ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു
Monday, May 9, 2016 8:23 AM IST
ദമാം: പത്തനംതിട്ട ജില്ലാ പ്രവാസി കൂട്ടയ്മയായ പനോരമയുടെ ആറാമത് സ്ഥാപക ദിനാഘോഷം ഏപ്രില്‍ 30നു ദമാമില്‍ നടന്നു.

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ബ്ളെസി മുഖ്യാതിഥിയായിരുന്നു. ആകുലതകളെയും പ്രശ്നങ്ങളെയും മാറ്റി ഇന്നില്‍ ജീവിക്കുവാന്‍ എല്ലാവരും ശ്രമിക്കണമെന്നും സ്വയം സ്നേഹിക്കുവാനും അങ്ങനെ മറ്റുള്ളവരെയും സഹജീവികളെയും സ്നേഹിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രവാസികള്‍ അവര്‍ക്കുവേണ്ട പുനരാധിവാസ പദ്ധതികളെപ്പറ്റി കാര്യക്ഷമമായി ചിന്തിച്ച് പ്രാവര്‍ത്തികമാക്കേണ്ട സമയം അതിക്രമിച്ചതായും അദ്ദേഹം പറഞ്ഞു.

പനോരമയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കുന്ന 'ഗ്രീഷ്മം' എന്ന ഇ മാഗസിന്‍ ബ്ളസി നാമകരണം ചെയ്തു. പ്രവാസികളുടെ കലാ വാസനകളെ പുറം ലോകത്തെത്തിക്കാന്‍ ഗ്രീഷ്മത്തിനു കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. പനോരമയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം സഹായം വാഗ്ദാനം ചെയ്തു. പനോരമയുടെ സ്നേഹോപഹാരം പ്രസിഡന്റ് സി.എം. സുലൈമാന്‍ സമ്മാനിച്ചു.

പനോരമയുടെ ഓഫീസ് തിരുവല്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി പ്രസിഡന്റ് അറിയിച്ചു. മെഹബൂബ് പത്തനംതിട്ട ഖിറായത്ത് നടത്തി. അനില്‍ മാത്യൂസ്, ജോണ്‍സണ്‍ പ്രക്കാനം, ഷാജഹാന്‍ വല്ലന, സതീഷ് മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. ജോണ്‍സണ്‍ സാമുവല്‍ പരിപാടികള്‍ നിയന്ത്രിച്ചു. തുടര്‍ന്നു കലാപരിപാടികളും അരങ്ങേറി.

ബോബന്‍ തോമസ്, റോബി സാമുവല്‍, രാധാകൃഷ്ണന്‍ ഓമല്ലൂര്‍, മോനച്ചന്‍ ഇടമണ്‍, മാത്യു ജോര്‍ജ്, റോയ് കുഴിക്കാല, ബിനു വടശേരിക്കര, ബേബിച്ചന്‍ ഇലന്തൂര്‍, ജേക്കബ് മാരാമണ്‍, വിനോദ് കുമാര്‍, ബിനു മാമ്മന്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം