ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗം അവയവദാന പത്രികാ സമര്‍പ്പണവും വിഷു-ഈസ്റര്‍ ആഘോഷവും നടത്തി
Monday, May 9, 2016 5:45 AM IST
മസ്ക്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗം സംഘടിപ്പിച്ച അവയവദാന പത്രികാ സമര്‍പ്പണം വിഷു-ഈസ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി ഡാര്‍സയിറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഹാളില്‍ നടന്നു.

2015 നവംബറില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റിവല്‍ വേദിയില്‍ കേരളവിഭാഗം ആഹ്വാനം ചെയ്ത അവയവ ദാന പത്രികാ സമര്‍പ്പണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കേരള വിഭാഗം സ്ഥാപക കണ്‍വീനറും ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് സാമൂഹ്യ ക്ഷേമ വിഭാഗം സക്രട്ടറിയുമായ പി.എം. ജാബിര്‍ നിര്‍വഹിച്ചു.

ഇന്നു നാം കാണുന്ന പല രോഗങ്ങള്‍ക്കും അവയവ മാറ്റിവയ്ക്കല്‍ ചികിത്സയിലൂടെ ഏതാണ്ട് ശാശ്വതമായ സൌഖ്യം നേടിയെടുക്കാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനു സാധിക്കുന്നു. വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും മനുഷ്യന്റെ കാരുണ്യം കൂടെ ചേര്‍ത്തു വച്ചു മാത്രമേ അവയവം മാറ്റിവയ്ക്കല്‍ സാധ്യമാവുകയുള്ളൂ. ഇതു സാധ്യമാവണമെങ്കില്‍ ദാനമായി ലഭിച്ച അവയവം വേണം. സഹജീവികളോടുള്ള കരുണമനുഷ്യന്‍ ഈ രീതിയില്‍ പ്രകടിപ്പിച്ചാല്‍ മാത്രമേ അവയവമാറ്റം നടക്കുകയുള്ളൂ. സാമൂഹ്യക്ഷേമ പ്രവര്‍ത്തന രംഗത്ത് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന കേരള വിഭാഗം, ഈ ഒരു ദൌത്യം ഏറ്റെടുത്തുകൊണ്ട് മുന്നോട്ടു വരികയാണ് - പി.എം. ജാബിര്‍ പറഞ്ഞു.

മൂന്നൂറിലേറെ പേരാണ് ആദ്യ ദിനംതന്നെ പത്രികാ സമര്‍പ്പണം നടത്തിയത്. കേരള സര്‍ക്കാര്‍ സംരംഭമായ മൃതസഞ്ജീവനിയുമായി യോജിച്ചാണ് അവയവദാന പത്രികാ സമര്‍പ്പണം സംഘടിപ്പിച്ചത്. ചടങ്ങില്‍ ലുക്കീമിയ ബാധിച്ച് മരണമടയുന്ന കുട്ടികളുടെ രക്ഷക്കായി ബോണ്‍ മാരോ ഡോണേര്‍സ് ക്ളബ് രൂപീകരണവും പ്രഖ്യാപിച്ചു.

മറുനാടന്‍ മലയാളി അവാര്‍ഡു നേടിയ ഷാജി സെബാസ്റ്യന്‍, പുതുതായി ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബോര്‍ഡംഗങ്ങള്‍ എന്നിവരെ ആദരിക്കുന്ന ചടങ്ങും നടന്നു.

കേരള വിഭാഗത്തിന്റെ കലാകാരന്മാര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍, അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിക്ക് ആദരങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് നാടന്‍ പാട്ടുകള്‍ തിച്ചൂര്‍ സുരേന്ദ്രനും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം ശിങ്കാരിമേളം തുടങ്ങിയ കലാപരിപാടികളും നടന്നു.

ചടങ്ങില്‍ കണ്‍വീനര്‍ രജിലാല്‍ അധ്യക്ഷത വഹിച്ചു. കേരള വിഭാഗം കോ കണ്‍വീനര്‍ സന്തോഷ് കുമാര്‍, സാമൂഹ്യക്ഷേമ വിഭാഗം കോഓര്‍ഡിനേറ്റര്‍ അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം