ചെമ്മീന്‍ അമ്പതാമത് വാര്‍ഷികം: മധുവും ഷീലയും മസ്ക്കറ്റില്‍
Sunday, May 8, 2016 7:03 AM IST
മസ്ക്കറ്റ്: മലയാള സിനിമയുടെ നിത്യ വസന്തങ്ങളായ മധുവും ഷീലയും മസ്കറ്റില്‍ എത്തുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമായ തകഴിയുടെ ചെമ്മീന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പഴയകാല താരജോഡികള്‍ എത്തുന്നത്.

മേയ് 13നു (വെള്ളി) വൈകുന്നേരം ഏഴിനു മസ്ക്കറ്റ് അല്ബുസ്താന്‍ പാലസ് ഹോട്ടലിലാണ് പരിപാടി.

ആദ്യമായാണ് മധുവും ഷീലയും ചെമ്മീനിന്റെ വാര്‍ഷിക ആഘോഷങ്ങളില്‍ ഒന്നിക്കുന്നത്. പ്രമുഖ ആശുപത്രി ഗ്രൂപ്പായ ഷീഫാ അല്‍ ജസീറയാണ് മുഖ്യ പ്രായോജകര്‍. അവതരണം മസ്ക്കറ്റ് ആര്‍ട്സിന്റേതാണ്. ജെ.കെ.ഫിലിംസ് ഉള്‍പ്പെടെ വിവിധ കമ്പനികള്‍ പരിപാടികളുടെ സ്പോണ്‍സര്‍മാരാണ്. ടൈംസ് ഓഫ് ഒമാന്‍ പ്രസ് ഫോട്ടോ ഗ്രാഫര്‍ ഒ.കെ. മൊഹമ്മദലിയുടെതാണ് ആശയം.

രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയില്‍ 40 മിനിട്ടുള്ള ഹ്രസ്വ നാടകമായി ചെമ്മീന്‍ അവതരിപ്പിക്കപ്പെടും.

ക്രിസ്റല്‍ സ്വീറ്റ് ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തില്‍ ഷിഫാ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സിദ്ദീഖ് വലിയകത്ത്, കെ.കെ. സാജന്‍, ജയകുമാര്‍ വള്ളിക്കാവ്, രഘു റാം, ഒ.കെ. മൊഹമ്മദലി എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം