സാല്‍മിയ മേഖല തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ നടത്തി
Sunday, May 8, 2016 6:56 AM IST
കുവൈത്ത് സിറ്റി: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ സാല്‍മിയ മേഖലയില്‍ നടന്ന തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു.

പ്രവാസികള്‍ക്ക് അനുകൂലമായ നിലപാടുകള്‍ എടുത്തിട്ടുള്ളത് ഇടതുപക്ഷ സര്‍ക്കാരുകളാണെന്നും ഈ വരുന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പുറത്തിറക്കിയിരിക്കുന്ന പ്രകടനപത്രികയിലെ 19 ഓളം ഇന പരിപാടികള്‍ പ്രവാസി ക്ഷേമം മുന്‍നിറുത്തിയാണെന്നുള്ളതും പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതായി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് തെരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റി കണ്‍വീനര്‍ എന്‍. അജിത്ത് കുമാര്‍ പറഞ്ഞു.

വര്‍ഗീയ ഫാസിസ്റ് ശക്തികള്‍ ജാതിയുടേയും മതത്തിന്റേയും പേരില്‍ ജനങ്ങളെ വിഭജിച്ച് അധികാരത്തിലെത്തിപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. ഇത്തരം ഫാസിസ്റ് ശക്തികള്‍ അധികാരത്തിലെത്തുന്നത് തടയുന്നതിനും അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിനില്‍ക്കുന്ന യുഡിഎഫിനെ അധികാരത്തില്‍ നിന്നും മാറ്റി നിറുത്തുന്നതിനുമായി ഈ സാഹചര്യത്തില്‍ പ്രവാസി കുടുംബങ്ങളിലെ ഓരോ വോട്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്കായി ചെയ്യിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഓരൊരുത്തരും നടത്തണമെന്ന് കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു.

സാല്‍മിയ പള്‍സ് എയ്റോബിക് സെന്ററില്‍ നടന്ന കണ്‍വന്‍ഷനില്‍ സജി ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി നൌഷാദ്, നാഗനാഥന്‍, സുനില്‍ പി. ആന്റണി, അനില്‍, ഷെരീഫ് താമരശേരി, പി.വി. മുസ്തഫ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍