ശ്രീനാരായണ ഗുരുദേവ സ്മൃതിയില്‍ അടിസ്ഥാനമായ ക്ഷേത്ര സംസ്കാരം ഉണ്ടാകണം: സ്വാമി സച്ചിദാനന്ദ
Sunday, May 8, 2016 6:53 AM IST
ന്യൂഡല്‍ഹി: ശ്രീനാരായണ ഗുരുദേവന്റെ ക്ഷേത്ര സങ്കല്പത്തില്‍ ഊന്നിയുള്ള ആചാര അനുഷ്ടാനങ്ങള്‍ ഹൈന്ദവ ക്ഷേത്രങ്ങളിലെ നിലവിലുള്ള അനാചാരങ്ങളും അന്ധവിശ്വാസങ്ങളേയും ഇല്ലാതാക്കുന്നതിനുള്ള ഒറ്റമൂലിയാണെന്നു രോഹിണി ശ്രീ ശാരദാ ദേവി പ്രതിഷ്ഠയുടെ നാല്പത്തൊന്നാം ദിനാഘോഷത്തില്‍ ശിവഗിരി മഠം സന്യാസിനി സച്ചിദാനന്ദസ്വാമി അഭിപ്രായപ്പെട്ടു.

ഉത്സവാഘോഷങ്ങള്‍ക്കോ ക്ഷേത്രചാരങ്ങളോടനുബന്ധമായോ കരിമരുന്നു പ്രയോഗവും ആന എഴുന്നള്ളത്തും നടത്തണെന്ന് ഒരു ദൈവിക വൈദിക താന്ത്രിക ഗന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടില്ലെന്നു സ്വാമി പറഞ്ഞു.

ആന എഴുന്നള്ളത്തിനു പകരം ദേവി-ദേവന്മാരുടെ തിടമ്പുകള്‍ രഥങ്ങളില്‍ എഴുന്നള്ളിക്കുന്ന രീതി അവലംബിക്കുന്നതിനു ക്ഷേത്ര ഭാരവാഹികള്‍ ഇശ്ചാശക്തിയോടെ തീരുമാനങ്ങള്‍ എടുക്കണം. ആചാരങ്ങളും അനുഷ്ഠാനങ്ങളും ദേശ കാലോചിതമായി പരിഷ്കരിച്ച് കര്‍മവും ധര്‍മവും കാത്തു സംരക്ഷിക്കണം. സഹജീവികളുടെ ജീവന് ആപത്തുവരുന്നതൊന്നും ആഘോഷങ്ങളില്‍ പാടില്ല.

ചട്ടമ്പിസ്വാമികള്‍ ചാത്തന്‍സേവ, ഭാഗ്യമന്ത്രവാദം, തകിട് കെട്ട്, ജ്യോതിഷം, വെളിച്ചപ്പാട്, കൈനോട്ടം, മഷിനോട്ടം എന്നിവയെ എതിര്‍ത്തു തോല്പിക്കുന്നതിന് വളരെ പ്രയത്നം ചെയ്തിരുന്നുവെന്നു സ്വാമി അനുസ്മരിച്ചു.

ഒരേ വിശ്വാസത്തില്‍ ശരണാഗതരാകുന്നതിനു ലിംഗവ്യത്യാസമുണ്ടാകാന്‍ പാടില്ലെന്നും സ്വാമി പറഞ്ഞു. ശബരിമല അയ്യപ്പന്റെ ജീവചരിത്രത്തില്‍ ചേര്‍ത്തല ചീരന്‍ചിറ കുടുംബത്തിന്റെ പ്രാധാന്യത്തേയും ബന്ധത്തേയും ചരിത്രകാരന്മാരും വിശ്വാസികളും ബോധപൂര്‍വം മറക്കുകയും മാറ്റുകയും ചെയ്യുന്നത് അന്വേഷണാത്മകമായി പഠനവിധേയമാക്കണമെന്നും സദസില്‍നിന്നു ചോദ്യത്തിനുത്തരമായി സ്വാമി പറഞ്ഞു.

ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് ടി.പി. മണിയപ്പന്‍, മനോജ് കല്ലറ, എം.കെ. അനില്‍കുമാര്‍, സ്വാമി നാരായണ ഋഷി, ഓമന മധു, കെ.എസ്. കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു.