'സി. കോയക്കുട്ടി മുസ്ലിയാര്‍ കാലത്തെ കര്‍മം കൊണ്ട് തിരുത്തിയ പണ്ഡിതന്‍'
Friday, May 6, 2016 5:03 AM IST
റിയാദ്: എല്ലാം പ്രകടനപരതയായി മാറുന്ന ലോകത്ത് കാലത്തെ കര്‍മം കൊണ്ട് തിരുത്തിയ പണ്ഡിതനായിരുന്നു പ്രമുഖ സൂഫിവര്യനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടുമായ ശൈഖുനാ ആനക്കര സി. കോയക്കുട്ടി മുസ്ലിയാരെന്ന് എസ്കെഐസി, എസ്വൈഎസ്, കെഎംസിസി സംയുക്ത അനുസ്മരണ സദസ് അഭിപ്രായപ്പെട്ടു. ആള്‍ക്കുട്ടവും ആരവങ്ങളും അലങ്കാരങ്ങളാകുന്ന വര്‍ത്തമാനത്തില്‍ പ്രഖ്യാപനങ്ങളും താക്കീതുകളും ഗര്‍ജനങ്ങളാകുന്ന സമൂഹത്തില്‍ ലഭിച്ച വേദികളിലെല്ലാം മരണ ചിന്ത പങ്കുവെച്ച് നന്മവളര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചതെന്നും ജീവിതലാളിത്യത്തിലും വിനയത്തിലും സച്ചിതരായ മുന്‍ഗാമികളെ അനുകരിച്ച ഉസ്താദ് വേറിട്ട വ്യക്തിത്വമായിരുന്നുവെന്നും സദസ് അഭിപ്രായപ്പെട്ടു.

എസ്.കെ.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ലാ സെക്രട്ടറി കുഞ്ഞാണി മുസ്ലിയാര്‍, മൊയ്തീന്‍ ഫൈസി പുത്തനഴി, ഹമീദ് വണിമേല്‍, കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുന്നുമ്മല്‍ കോയ, എസ്വൈഎസ് സദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹനീഫ്, എസ്.കെ.ഐ.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ ബാഖവി പെരുമുഖം അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. സൈതലവി ഫൈസി പനങ്ങാങ്ങര ആമുഖ പ്രഭാഷണവും അലവിക്കുട്ടി ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍