അഭയാര്‍ഥികളെ സ്വീകരിക്കാത്ത രാജ്യങ്ങള്‍ക്കു പിഴ ചുമത്താന്‍ നീക്കം
Thursday, May 5, 2016 8:18 AM IST
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ക്വോട്ട സമ്പ്രദായത്തില്‍ അഭയാര്‍ഥികളെ സ്വീകരിക്കുക എന്ന നിര്‍ദേശം കര്‍ക്കശമായി നടപ്പാക്കാന്‍ നീക്കം. ഇതിന്റെ ഭാഗമായി, അവരവരുടെ ക്വോട്ട സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന അംഗരാജ്യങ്ങള്‍ക്ക് പിഴ ചുമത്താനും ആലോചന.

ഒരു അഭയാര്‍ഥിയെ നിരാകരിക്കുമ്പോള്‍ രണ്ടര ലക്ഷം യൂറോ എന്ന കണക്കിലായിരിക്കും പിഴ. ഇതിനായി അഭയാര്‍ഥിത്വ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യുന്നത് യൂറോപ്യന്‍ കമ്മീഷന്റെ സജീവ പരിഗണനയിലാണ്. ഭൂരിപക്ഷം അംഗരാജ്യങ്ങളുടെയും യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെയും സഹകരണത്തോടെ മാത്രമേ ഇതു നടപ്പാക്കാന്‍ കഴിയൂ.

തുര്‍ക്കിയിലേക്ക് അഭയാര്‍ഥികളെ തിരിച്ചയയ്ക്കുന്ന കരാര്‍ ഫലപ്രദമായ സാഹചര്യത്തില്‍, അംഗരാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരിഹരിച്ചാല്‍ പ്രശ്നം കൂടുതല്‍ സുഗമമായി കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നാണ് യൂറോപ്യന്‍ കമ്മീഷന്റെ വിലയിരുത്തല്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍