വെല്‍ഫെയര്‍ കേരള കുവൈത്ത് തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍
Thursday, May 5, 2016 8:16 AM IST
കുവൈത്ത് സിറ്റി: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വെല്‍ ഫെയര്‍ കേരള കുവൈത്ത് അബാസിയ-ഫര്‍വാനിയ മേഖല തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു.

വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്റ് ഖലീലുറഹ്മാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജനപക്ഷ സമീപനങ്ങളെ പരിചയപ്പെടുത്തി. വര്‍ഗീയ ഫാസിസ്റ് ശക്തികളും അവര്‍ക്കുവേണ്ടി പണിയെടുക്കുന്നവരും ഭരണ സിരാകേന്ദ്രങ്ങളിലേക്ക് കടന്നു വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഈ കാര്യത്തില്‍ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുന്ന രീതിയിലായിരിക്കണമെന്നും വൈസ് പ്രസിഡന്റ് അന്‍വര്‍ സയിദ് പറഞ്ഞു. ഇടതുവലതു പാര്‍ട്ടികള്‍ അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടില്‍നിന്നു മാറി ചലിച്ചതുകൊണ്ടാണ് ഇന്ന് ഇന്ത്യ ഇത്തരമൊരു പ്രതിസന്ധിയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ അഞ്ചു വര്‍ഷകാലം എടുത്തു പറയാന്‍ പറ്റുന്ന എന്തു വികസനമാണ് ഭരണ കൂടത്തില്‍ നിന്നും ഉണ്ടായതെന്നും പ്രതിപക്ഷം ഭരണകൂടത്തിന്റെ എല്ലാ അഴിമതികള്‍ക്കും കൂട്ടു നില്‍ക്കുകയായിരുന്നുവെന്നും വൈസ് പ്രസിഡന്റ് കൃഷ്ണദാസ് പറഞ്ഞു. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ അപേക്ഷിച്ച് വെല്‍ഫയര്‍ പാര്‍ട്ടിയുടെ സ്ത്രീപക്ഷ നിലപാട് ഏറെ മാതൃകാപരവും പ്രശംസനാര്‍ഹമാണെന്നും വ്യക്തമാക്കുന്നതാണ് അവരുടെ സ്ഥാനാര്‍ഥി പട്ടികയും സംസ്ഥാന കമ്മിറ്റിയിലെ സ്ത്രീ പ്രാതിനിധ്യവും നമ്മോട് പറയുതെന്നു റസീന മൊഹിയുദ്ദീന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പു കാമ്പയിന്‍ കവീനര്‍ റഫീഖ് ബാബു, ജനറല്‍ സെക്രട്ടറി ലായിക് അഹമ്മദ്, ട്രഷറര്‍ ഷൌക്കത്ത് വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തുന്ന വീഡിയോ പ്രസന്റേഷന്‍ മീഡിയ കണ്‍വീനര്‍ ജസീല്‍ ചെങ്ങളാന്‍ അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍