നവയുഗം കുടുംബവേദി കേന്ദ്രസമ്മേളനം അപലപിച്ചു
Thursday, May 5, 2016 6:16 AM IST
ദമാം: പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടി മനുഷ്യത്വരഹിതമായി കൊല ചെയ്യപ്പെട്ട സംഭവം കേരളത്തിന്റെ സാമൂഹ്യപ്രതിബദ്ധതയെ തന്നെ ചോദ്യം ചെയ്യുന്ന സംഭവമാണെന്നു വിലയിരുത്തിയ നവയുഗം കുടുംബവേദി കേന്ദ്രസമ്മേളനം, കൊലപാതകത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. ഈ ക്രൂരകൃത്യം നടത്തിയവരെ കണ്െടത്തി, അവര്‍ക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും കൂടിയ ശിക്ഷ തന്നെ വാങ്ങി നല്‍കേണ്ടത് ഭരണാധികാരികളുടെ കടമയാണ്. ഒറ്റമുറി വീടുകളില്‍ യാതൊരു സുരക്ഷിതത്വവും ഇല്ലാതെ കഴിയുന്ന അനേകായിരം ജിഷമാര്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്കുനേരെ യാതൊരു അക്രമവും ഉണ്ടാകാതെ കാക്കുവാനും ഏതു സ്ത്രീക്കും എത്ര പാതിരാത്രിയിലും ഭയമില്ലാതെ നടക്കാന്‍ കഴിയുന്ന വിധത്തില്‍ നമ്മുടെ തെരുവുകള്‍ മാറ്റാനും കഴിഞ്ഞില്ലെങ്കില്‍, കേരളം ദൈവത്തിന്റെ സ്വന്തം നാടാണ് എന്ന നമ്മുടെ അഭിമാനത്തിന് യാതൊരു വിലയും ഉണ്ടാകില്ലെന്നു നവയുഗം ഓര്‍മിപ്പിച്ചു.

ദമാം ബദര്‍ അല്‍റാബി ഹാളില്‍ നടന്ന സമ്മേളനത്തില്‍ കുടുംബവേദി കേന്ദ്രസമ്മേളനം നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കെ.ആര്‍.അജിത്ത് ഉദ്ഘാടനം ചെയ്തു. പ്രതിഭ പ്രിജി അധ്യക്ഷത വഹിച്ചു. നവയുഗം കേന്ദ്രനേതാക്കളായ ഉണ്ണി പൂചെടിയല്‍, ഷാജി മതിലകം, റെജിലാല്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, അരുണ്‍ നൂറനാട്, ലീന ഷാജി, അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി, പ്രിജി കൊല്ലം, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

കുടുംബവേദി കണ്‍വീനര്‍ ലീന ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ അന്‍വര്‍, മോഹന്‍ദാസ്, ഷഹന നൌഷാദ്, സുമി ശ്രീലാല്‍, മിനി ഷാജി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം