കേരള വിഭാഗം അവയവദാന പത്രിക സമര്‍പ്പണവും വിഷു- ഈസ്റര്‍ ആഘോഷവും മേയ് ആറിന്
Wednesday, May 4, 2016 5:49 AM IST
മസ്ക്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഒമാന്‍ കേരള വിഭാഗം സംഘടിപ്പിക്കുന്ന അവയവദാന പത്രിക സമര്‍പ്പണവും വിഷു- ഈസ്റര്‍ ആഘോഷവും മേയ് ആറിനു (വെള്ളി) വൈകുന്നേരം ആറു മുതല്‍ ദാര്‍സൈറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഹാളില്‍ നടക്കും.

മറഞ്ഞുപോയ കാര്‍ഷിക സമൃദ്ധിയുടെ ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തുന്ന വിഷുവും അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉന്നമനത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയതിനു കുരിശിലേറ്റപ്പെട്ട യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ആഹ്ളാദം പങ്കിടുന്ന ഈസ്ററും ഒരുമിച്ച് ആഘോഷിക്കുന്ന വേളയില്‍, കഴിഞ്ഞ നവംബറില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റിവല്‍ വേദിയില്‍ കേരളവിഭാഗം ആഹ്വാനം ചെയ്ത അവയവ ദാന പത്രിക സമര്‍പ്പണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നടക്കും.

ഇന്നു നാം കാണുന്ന പല രോഗങ്ങള്‍ക്കും അവയവമാറ്റിവയ്ക്കല്‍ ചികിത്സയിലൂടെ ഏകദേശം ശാശ്വതമായ സൌഖ്യം നേടിയെടുക്കാന്‍ ആധുനിക വൈദ്യശാസ്ര്തത്തിനു സാധിക്കുന്നു. വൈദ്യശാസ്ര്തം എത്രയൊക്കെ പുരോഗമിച്ചാലും മനുഷ്യന്റെ കാരുണ്യം കൂടെ ചേര്‍ത്തു വച്ചു മാത്രമേ അവയവം മാറ്റിവയ്ക്കല്‍ സാധ്യമാവുകയുള്ളൂ. അവയവം മാറ്റിവയ്ക്കല്‍ സാധ്യമാവണമെങ്കില്‍ ദാനമായി ലഭിച്ച അവയവം വേണം. സഹജീവികളോടുള്ള കരുണ മനുഷ്യന്‍ ഈ രീതിയില്‍ പ്രകടിപ്പിച്ചാല്‍ മാത്രമേ അവയവമാറ്റം നടക്കുകയുള്ളൂ. സാമൂഹ്യക്ഷേമ പ്രവര്‍ത്തനരംഗത്ത് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന കേരള വിഭാഗം, ഈ ഒരു ദൌത്യം ഏറ്റെടുത്തുകൊണ്ട് മുന്നോട്ടു വരികയാണ്. കേരളത്തില്‍ 3500 ലേറെപേര്‍ അവയവങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്നു കണക്കുകള്‍ സൂചിപ്പിക്കുമ്പോള്‍, ഈ ഒരു പ്രവര്‍ത്തനത്തിനു ഏറെ പ്രാധാന്യമുണ്ട്.

ഒമാനിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടു ഇവിടെയും അവയവദാനം നടത്തുന്നതിനുള്ള വഴികളും അന്വേഷിക്കുന്നുണ്െടന്നു സംഘാടകര്‍ അറിയിച്ചു. കേരള സര്‍ക്കാര്‍ സംരംഭമായ മൃതസഞ്ജീവനിയുമായി യോജിച്ചാണ് അവയവദാന പത്രിക സമര്‍പ്പണം സംഘടിപ്പിക്കുന്നത്.

ഇതേവേദിയില്‍ മറുനാടന്‍ മലയാളി അവാര്‍ഡു നേടിയ ഷാജി സെബാസ്റ്യന്‍, പുതുതായി ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡിലേക്കു തെരഞ്ഞെടുക്കപ്പെട്ട ബോര്‍ഡ് അംഗങ്ങള്‍ എന്നിവരെ ആദരിക്കുന്ന ചടങ്ങും നടക്കും.

കേരള വിഭാഗത്തിന്റെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിക്ക് ആദരങ്ങള്‍ അര്‍പ്പിച്ചുകൊണ്ടു നാടന്‍ പാട്ടുകള്‍, തിച്ചൂര്‍ സുരേന്ദ്രനും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, ശിങ്കാരിമേളം തുടങ്ങിയവും അരങ്ങേറും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം