ബ്രൈറ്റ് പോയിന്റ് റോയല്‍ വുമണ്‍സ് ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു
Wednesday, May 4, 2016 5:47 AM IST
അബുദാബി: എന്‍എംസി ഗ്രൂപ്പിന്റെ ബ്രൈറ്റ് പോയിന്റ് റോയല്‍ വുമണ്‍സ് ഹോസ്പിറ്റല്‍ അബുദാബിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്ത്രീകള്‍ക്കായുള്ള അബുദാബിയിലെ ആദ്യ സ്വകാര്യ ഹോസ്പിറ്റലായ ബ്രൈറ്റ് പോയിന്റ് റോയല്‍ വുമണ്‍സ് ഹോസ്പിറ്റലിന്റെ ഉദ്ഘാടനം ജനറല്‍ വുമണ്‍സ് യൂണിയന്‍ ചെയര്‍വുമണും ഫാമിലി ഡെവലപ്മെന്റ് ഫൌണ്േടഷന്‍ സുപ്രീം ചെയര്‍വുമണും സുപ്രീം കൌണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്‍ഡ് ചൈല്‍ഡ്ഹുഡ് പ്രസിഡന്റുമായ ഷേഖ് ഫാത്തിമ ബിന്‍ മുബാറഖ് നിര്‍വഹിച്ചു.

അമ്മയ്ക്കും കുട്ടിക്കും ഏറ്റവും നൂതന സേവനങ്ങള്‍ ലഭ്യമാക്കുന്ന ഹോസ്പിറ്റലില്‍ നൂറു പേരെ കിടത്തി ചികിത്സിക്കാനുള്ള സൌകര്യമുണ്ട്. നവജാത ശിശുക്കള്‍ക്കും മാസം തികയാതെ പിറക്കുന്ന കുട്ടികള്‍ക്കുമായി ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ സമന്വയിക്കുന്ന നിയോനെറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് (എന്‍ഐസിയു) ഹോസ്പിറ്റലിന്റെ പ്രത്യേകതയാണ്.

അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായുള്ള അബുദാബിയിലെ സ്വകാര്യമേഖലയിലെ പുതിയ സംരംഭത്തെ ഷേഖ് ഫാത്തിമ അഭിനന്ദിച്ചു. നൂതന മെഡിക്കല്‍ സാങ്കേതിക വിദ്യകള്‍ ഈ രംഗത്ത് ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ ഫാത്തിമ, ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനങ്ങളും സജ്ജീകരണങ്ങളും നേരില്‍കണ്ട് വിലയിരുത്തി.

ചടങ്ങില്‍ എന്‍എംസി ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സി.ആര്‍. ഷെട്ടി യുഎഇ പ്രസിഡന്റ് ഷേഖ് ഖലിഫ ബിന്‍ സായിദ് അല്‍ നഹ്യാനും യുഎഇയിലെ ഭരണനേതൃത്വത്തിനും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള