ആനക്കര കോയക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു
Wednesday, May 4, 2016 5:45 AM IST
കുറ്റിപ്പുറം: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റുമായ ആനക്കര സി. കോയക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു. 81 വയസായിരുന്നു.

സമസ്തകേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗം, സമസ്ത പരീക്ഷാബോര്‍ഡ്, ജാമിഅ നൂരിയ പരീക്ഷാബോര്‍ഡ്, സമസ്ത പാലക്കാട് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, പൊന്നാനി താലൂക്ക് ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ്യ, വളാഞ്ചേരി മര്‍കസുത്തര്‍ബിയത്തുല്‍ ഇസ്ലാമിയ, വളവന്നൂര്‍ ബാഫഖി യതീംഖാന, താനൂര്‍ ഇസ്ലാഹുല്‍ ഉലൂം, ദാറുല്‍ ഹിദായ എടപ്പാള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സാരഥിയും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്നു. 1988 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗമായ കോയക്കുട്ടി മുസ്ലിയാര്‍ 2001 മുതല്‍ വൈസ് പ്രസിഡന്റായും 2012 മുതല്‍ കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ കാലശേഷം പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 1934ല്‍ ചോലയില്‍ ഹസൈനാറിന്റെയും കുന്നത്തേതില്‍ ആഇശത്ത് ഫാത്വിമയുടെയും മകനായിട്ടാണു ജനം.

മദ്രസ പ്രസ്ഥാനം രൂപീകരിക്കുന്നതിനു യത്നിച്ചവരില്‍ പ്രമുഖനായിരുന്നു. ഒ.കെ. സൈനുദ്ദീന്‍കുട്ടി മുസ്ലിയാര്‍, കെ.പി. മുഹമ്മദ് മുസ്ലിയാര്‍, കഴുപുറം മുഹമ്മദ് മുസ്ലിയാര്‍, സി.കുഞ്ഞഹമ്മദ് മുസ്ലിയാര്‍, ഷേഖ് ഹസന്‍ ഹസ്രത്ത്, ആദം ഹസ്രത്ത്, കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍, കെ.കെ.അബൂബക്കര്‍ ഹസ്രത്ത്, ആനക്കര സി.കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍, കടുപ്രം മുഹമ്മദ് മുസ്ലിയാര്‍, കരിങ്ങനാട് കെ.പി.മുഹമ്മദ് മുസ്ലിയാര്‍, സി.കുഞ്ഞഹമ്മദ് മുസ്ലിയാര്‍, രായിന്‍കുട്ടി മുസ്ലിയാര്‍ പടിഞ്ഞാറങ്ങാടി, കുഞ്ഞാനു മുസ്ലിയാര്‍ പട്ടാമ്പി തുടങ്ങിയവര്‍ പ്രധാന ഗുരുനാഥന്മാരാണ്.

കാട്ടിപരുത്തി കുഞ്ഞയിദ്രു മുസ്ലിയാരുടെ മകള്‍ കെ.കെ. ഫാത്തിമയാണ് ഭാര്യ. മക്കള്‍: മുഹമ്മദ്നൂര്‍ ഫൈസി ആനക്കര (യുഎഇ), അബ്ദുനാസര്‍ ഫൈസി ആനക്കര, ആബിദുല്‍ ഹകീം ഫൈസി, അബ്ദുസലാം ഫൈസി, അബ്ദുല്‍സമദ്, ഹാജറ, സഫിയ. മരുമക്കള്‍: കുട്ടിരായിന്‍ ഫൈസി കാവനൂര്‍, ഉമര്‍ ഫൈസി കാവനൂര്‍, സുലൈഖ കാടഞ്ചേരി, ബുശ്റ കാട്ടിപരുത്തി, ഉമ്മുആയിശ കാരക്കാട്, ഫാത്തിമ കുറ്റിപ്പാല, മുബശിറത്ത് ചേകന്നൂര്‍.