ബ്രസല്‍സ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനരാരംഭിച്ചു
Tuesday, May 3, 2016 8:13 AM IST
ബ്രസല്‍സ്: ഭീകരാക്രമണം നേരിട്ട ബ്രസല്‍സിലെ സാവെന്റം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ തോതില്‍ പുനരാരംഭിച്ചു. ഡിപ്പാര്‍ച്ചര്‍ ഹാളാണ് തുറക്കാന്‍ ശേഷിച്ചിരുന്നത്. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കു നടുവില്‍ ഇതു തുറന്നു പ്രവര്‍ത്തനം തുടങ്ങി.

പതിനാറു പേര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇവിടെ സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ക്കശമാക്കിയതു കാരണം നീണ്ട ക്യൂവുകള്‍ സൃഷ്ടിക്കപ്പെട്ടു. പുറപ്പെടാനുള്ള യാത്രക്കാര്‍ മൂന്നു മണിക്കൂറിനു മുന്‍പ് റിപ്പോര്‍ട്ടു ചെയ്യണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 22നു ഡിപ്പാര്‍ച്ചര്‍ ചെക്കിംഗ് കൌണ്ടറുള്‍പ്പടെ മൂന്നു സ്ഥലങ്ങളില്‍ ഇസ്ലാമിക് സ്റേറ്റ് തീവ്രവാദി ഭീകരര്‍ ഒളിപ്പിച്ച ബോംബു സ്ഫോടനത്തില്‍ 32 പേര്‍ ദാരുണമായി മരിച്ചിരുന്നു. ആക്രമണത്തില്‍ ഡിപ്പാര്‍ച്ചര്‍ ഹാളിനു സാരമായി കേടുപാടുകള്‍ സംഭവിച്ചിരുന്നു. അതേ ദിവസം മെട്രൊ റെയില്‍ സ്റേഷനിലും ആക്രമണം നടന്നിരുന്നു.

ഏപ്രില്‍ മൂന്നിനു വിമാനത്താവളം വീണ്ടും ഭാഗികമായി തുറന്നു പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഭീകരാക്രമണത്തെ തുടര്‍ന്നു പത്തു ദിവസമാണ് വിമാനത്താവളം പൂര്‍ണമായും അടച്ചിട്ടിരുന്നത്. ഇപ്പോള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമായ വിമാനത്താവളത്തില്‍ പുതുതായി ഒട്ടേറെ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാക്കിയിട്ടുണ്ട്.

ടിക്കറ്റ്, തിരിച്ചറിയല്‍ രേഖകള്‍ തുടങ്ങിയ കാര്യങ്ങളില്‍ തിരിച്ചും മറിച്ചുമുള്ള പരിശോധനകള്‍ കൂടുതല്‍ ശക്തമായിയിട്ടുണ്ട്. ചെറുതും വലുതുമായ ലഗേജുകള്‍ ഉള്‍പ്പടെ യാത്രക്കാരെ എല്ലാവിധത്തിലുമുള്ള കനത്ത സുരക്ഷാപരിശോധനയ്ക്കു വിധേയമാക്കിയ ശേഷമാണ് പുറപ്പെടല്‍ ഹാളിലേക്കു കടത്തിവിടുന്നത്. യാത്രക്കാരുടെ പരിശോധന സമ്പ്രദായവും ഏറ്റവും ശക്തമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ചെക്ക് ഇന്‍ സമയത്തിന് മേലില്‍ കൂടുതല്‍ സമയം വേണ്ടിവരും. യാത്രക്കാര്‍ വിമാനത്താവള ഏരിയയില്‍ കടക്കുമ്പോള്‍ തന്നെ ശക്തമായ പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളില്‍ ഒന്നാണ് ബ്രസല്‍സിലേത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍