തുര്‍ക്കിക്കാര്‍ക്ക് യൂറോപ്പില്‍ വീസരഹിത യാത്ര ഉടന്‍ അനുവദിക്കും
Tuesday, May 3, 2016 8:11 AM IST
ബ്രസല്‍സ്: തുര്‍ക്കി പൌരന്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയനുള്ളില്‍ എവിടെയും വീസ രഹിത യാത്ര അനുവദിച്ചുകൊണ്ടുള്ള യൂറോപ്യന്‍ കമ്മീഷന്‍ തീരുമാനം ഉടനുണ്ടാവും.

ഷെങ്ഗണ്‍ സോണില്‍ നല്‍കുന്ന അനുവാദം തീര്‍ത്തും ഉപാധികളോടെയാവും നടപ്പാക്കുക. യൂറോപ്യന്‍ പാര്‍ലമെന്റും ഇയു അംഗരാജ്യങ്ങളും അനുമതി നല്‍കിയാല്‍ നിയമം പ്രാബല്യത്തിലാവും.

തുര്‍ക്കി വഴിയെത്തിയ അഭയാര്‍ഥികളെ ഗ്രീസില്‍നിന്നു തുര്‍ക്കിയിലേക്കു തന്നെ തിരിച്ചയയ്ക്കുന്നതു സംബന്ധിച്ച കരാറിന്റെ ഭാഗമായി അംഗീകരിച്ച സുപ്രധാന വ്യവസ്ഥയാണിത്. തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ അടുത്തിടെ ഉണ്ടാക്കിയ ധാരണയില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇത്തരമൊരു വ്യവസ്ഥ തുര്‍ക്കിക്കു നല്‍കിയെങ്കില്‍ മാത്രമേ അഭയാര്‍ഥി നിയന്ത്രണം സാധ്യമാവു എന്ന് തുര്‍ക്കി ആവശ്യം ഉന്നയിച്ചതിന്റെ വെളിച്ചത്തിലാണ് ഇയുവിന്റെ പുതിയ തീരുമാനം.

എന്നാല്‍ കരാറില്‍ പറഞ്ഞിരിക്കുന്ന 72 വ്യവസ്ഥകള്‍ മേയ് നാലിനു മുമ്പായി തുര്‍ക്കി നടപ്പാക്കണമെന്ന കാര്യത്തില്‍ നിലവില്‍ 10 എണ്ണം പൂര്‍ത്തീകരിച്ചിട്ടില്ല എന്നാണ് ഇയുവിന്റെ മുതിന്ന ഉദ്യോഗസ്ഥരും നിയമജ്ഞരും വെളിപ്പെടുത്തുന്നത്. ഇതു പൂര്‍ണമായും സ്ഥിരീകരിച്ചെങ്കില്‍ മാത്രമേ ഈ വര്‍ഷം ജൂണ്‍ 30നു മുമ്പ് വീസ രഹിത യാത്രയ്ക്ക് അനുമതി നല്‍കുകയുള്ളു എന്നാണ് ഇവരുടെ വാദം.

തുര്‍ക്കി അഭയാര്‍ഥികളെ തിരികെ സ്വീകരിച്ചു തുടങ്ങിയെങ്കിലും തുര്‍ക്കിക്കാര്‍ക്ക് വീസ രഹിത യാത്ര അനുവദിക്കുന്നതില്‍നിന്ന് ഒഴിവാകാനുള്ള ശ്രമത്തിലായിരുന്നു ജര്‍മനിയും ഫ്രാന്‍സും.

അതേസമയം, അഭയാര്‍ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ തുര്‍ക്കി കാണിക്കുന്ന കാര്യക്ഷമതയെ അടിസ്ഥാനമാക്കി മാത്രമായിരിക്കും വീസ രഹിത യാത്ര അനുവദിക്കുക എന്നും യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍