ഗ്ളെന്‍വ്യൂ സ്പൈക്കേഴ്സിന്റെ പത്താം വാര്‍ഷികം വോളിബോള്‍ ടൂര്‍ണമെന്റോടുകൂടി ആഘോഷിച്ചു
Tuesday, May 3, 2016 5:09 AM IST
ഷിക്കാഗോ: 2006-ല്‍ ഷിക്കാഗോയിലെ ഗ്ളെന്‍വ്യൂ ആസ്ഥാനമായി ആരംഭിച്ച ഗ്ളെന്‍വ്യൂ സ്പൈക്കേഴ്സ് എന്ന സ്പോര്‍ട്സ് ക്ളബ്, വോളിബോളിനു ഊന്നല്‍കൊടുത്തുകൊണ്ട് വിജയകരമായ പത്തുവര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഈ ക്ളബിന്റെ പ്രവര്‍ത്തനമേഖലയില്‍ പിന്നോട്ടു തിരിഞ്ഞുനോക്കുമ്പോള്‍ വോളിബോള്‍ രംഗത്ത് നിരവധി പ്രതിഭകളെ സംഭാവന ചെയ്തതുള്‍പ്പടെ, ഈ അമേരിക്കന്‍ ജോലിത്തിരക്കിനിടയിലും പ്രായവ്യത്യാസമില്ലാതെ നാട്ടില്‍ നിന്നും വന്ന മുന്‍കാല വോളിബോള്‍ പ്രതിഭകള്‍ക്ക് വോളിബോള്‍ കളിക്കാനുള്ള അവസരം പത്തുവര്‍ഷമായി ഗ്ളെന്‍വ്യൂ സ്പൈക്കേഴ്സിനു കൊടുക്കാന്‍ സാധിച്ചതില്‍ അതിയായ സംതൃപ്തിയുണ്െടന്ന് ക്ളബിന്റെ സ്ഥാപക നേതാവുകൂടിയായ ജോര്‍ജ് നെല്ലാമറ്റം പറഞ്ഞു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന ഗ്ളെന്‍വ്യൂ സ്പൈക്കേഴ്സ് 'വോളിബോള്‍ ടൂര്‍ണമെന്റ് 2016'-ന്റെ വാശിയേറിയ മത്സരത്തില്‍ മനോജ് അമ്മായിക്കുന്നേല്‍ ക്യാപ്റ്റനായുള്ള ടീം ഇഞ്ചോടിഞ്ഞ് പൊരുതി ടോണി സംഗാര ക്യാപ്റ്റനായുള്ള ടീമിനെ പരാജയപ്പെടുത്തി ഒന്നാംസ്ഥാനം കരസ്ഥമാക്കി.

ഡസ്പ്ളെയിന്‍സിലുള്ള അപ്പോളോ സ്കൂള്‍ വോളിബോള്‍ സ്റേഡിയത്തില്‍ നൂറുകണക്കിന് വോളിബോള്‍ പ്രേമികളെ സാക്ഷിനിര്‍ത്തി രണ്ടു പൂളുകളിലായി നടത്തിയ ടൂര്‍ണമെന്റില്‍ ഷിക്കാഗോയിലെ പ്രമുഖരായ ടീമുകളെല്ലാം പങ്കെടുക്കുകയുണ്ടായി. മനോജ് അമ്മായികുന്നേല്‍ (ക്യാപ്റ്റന്‍), ജോസ് മണക്കാട്ട്, ജസ്മോന്‍ പുറമഠം, ലെറിന്‍, സന്തോഷ് പുന്നൂസ്, പ്രിന്‍സ്, സൈമണ്‍ ചക്കാലപ്പടവന്‍ (ടീം മാനേജര്‍) എന്നിവര്‍ ഉള്‍പ്പെട്ട ടീം ടോണി സംഗാര (ക്യാപ്റ്റന്‍), നിമ്മി തുരുത്തുവേലി, ബസവറ്റ്, ജയിംസ്, സെല്‍വിന്‍, ഷോണ്‍ ടോണി ഇവര്‍ ഫൈനലില്‍ എത്തുകയായിരുന്നു.

വിജയികള്‍ക്ക് ജോര്‍ജ് നെല്ലാമറ്റം കാഷ് അവാര്‍ഡും ട്രോഫിയും നല്‍കി. ഈ പത്താമത് വാര്‍ഷികാഘോഷങ്ങളുടെ പിന്നില്‍ ജോര്‍ജ് നെല്ലാമറ്റം, സൈമണ്‍ ചക്കാലപ്പടവന്‍, ബിജി സി. മാണി, സിബി കദളിമറ്റം, പ്രദീപ്, ജോസ് മണക്കാട്ട്, ജെസ്മോന്‍ പുറമഠം, മാത്യു തട്ടാമറ്റം, അബി കീപ്പാറ, പുന്നൂസ് തച്ചേട്ട്, സന്തോഷ്, ഡോ. സ്റാന്‍ലി, റിന്റു ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം