ജര്‍മനിയിലെ മേയ്ദിനാഘോഷം അക്രമാസക്തമായി
Monday, May 2, 2016 8:18 AM IST
ബെര്‍ലിന്‍: ജര്‍മനിയില്‍ മേയ്ദിനത്തോടനുബന്ധിച്ചു നടത്തിയ ആഘോഷം അക്രമാസക്തമായി. തലസ്ഥാനമായ ബെര്‍ലിന്‍ ഉള്‍പ്പടെ രാജ്യത്താകമാനം ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. തീവ്രഇടതുപക്ഷ പ്രവര്‍ത്തകരാണ് പോലീസുമായി ബെര്‍ലിനില്‍ ഏറ്റുമുട്ടിയത്. ആഘോഷത്തിനായി രാവിലെ ബെര്‍ലിന്‍ ക്രൊയ്സ്ബര്‍ഗിലെ ലൌസിറ്റ്സില്‍ സംഘടിച്ച പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലേറു നടത്തുകയും കാറു കത്തിക്കുകയും ചെയ്തു.

സുരക്ഷയ്ക്കായി 6200 പോലീസ് സേനാഗംങ്ങളെ ബെര്‍ലിനിലും പരിസരത്തുമായി ഡ്യൂട്ടിക്കു നിയോഗിച്ചിരുന്നു. ഒട്ടനവധി നിരീക്ഷണ കാമറകളും വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്നു. സംഭവത്തില്‍ നിരവധിയാളുകളെ പോലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്. ബെര്‍ലിനില്‍ മാത്രമാണ് ആഘോഷം അക്രമാസക്തമായത്. മറ്റിടങ്ങളില്‍ പ്രത്യേകിച്ച് മിക്കപ്പോഴും അക്രമം ഉണ്ടാകുന്ന ഹാംബുര്‍ഗില്‍പോലും ഇത്തവണ ആഘോഷം ശാന്തമായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍