തുര്‍ക്കിക്കാര്‍ക്ക് വീസ രഹിത യാത്ര ഒഴിവാക്കാന്‍ ജര്‍മനിയും ഫ്രാന്‍സും
Monday, May 2, 2016 8:17 AM IST
ബെര്‍ലിന്‍: തുര്‍ക്കിക്കാര്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ വീസ രഹിത യാത്ര അനുവദിക്കാനുള്ള പദ്ധതിയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ജര്‍മനിയും ഫ്രാന്‍സും ബദല്‍ പദ്ധതി തയാറാക്കുന്നു.

ഗ്രീസില്‍നിന്നുള്ള അഭയാര്‍ഥികളെ തുര്‍ക്കി തിരികെ സ്വീകരിക്കുന്നതിന് അംഗീകരിച്ച ഉപാധികളിലൊന്നാണ് തുര്‍ക്കിക്കാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ വീസ രഹിത യാത്ര അനുവദിക്കുക എന്നത്. എന്നാല്‍, തുര്‍ക്കി അഭയാര്‍ഥികളെ സ്വീകരിച്ചു തുടങ്ങിയതോടെ കാലുമാറാനുള്ള ശ്രമത്തിലാണ് ജര്‍മനിയും ഫ്രാന്‍സും.

വീസ രഹിത യാത്രാനുമതി മരവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു നിര്‍ദേശം ഇരു രാജ്യങ്ങളും ചേര്‍ന്ന് എഴുതി തയാറാക്കിക്കഴിഞ്ഞു. നിലവിലുള്ള അഭയാര്‍ഥി പ്രവാഹത്തിന്റെ പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു ഉപാധി അനിവാര്യമെന്നാണ് ഇരു രാജ്യങ്ങളുടെയും നിലപാട്.

ജോര്‍ജിയ, യുക്രെയ്ന്‍, പെറു എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനില്‍ വീസ രഹിത യാത്രാനുമതി ആവശ്യപ്പെട്ടു കാത്തിരിക്കുന്നവരാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍