'ശാസ്ത്രോല്‍സവ് 2016' മേയ് 13ന്
Monday, May 2, 2016 6:32 AM IST
കുവൈത്ത്: എന്‍എസ്എസ് കോളജ് ഓഫ് എന്‍ജിനിയറിംഗ് അലൂംനി കുവൈത്ത് ചാപ്റ്ററും 'ഇന്ത്യന്‍സ് ഇന്‍ കുവൈത്ത്' വെബ് പോര്‍ട്ടലും ചേര്‍ന്നു

നടത്തുന്ന 'ശാസ്ത്രോല്‍സവ് 2016' മേയ് 13നു സാല്‍വയിലുള്ള സുമറോദോ ഹാളില്‍ നടക്കും. രാവിലെ പത്തിന് ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

13 ഇന്ത്യന്‍ സ്കൂളുകളില്‍നിന്നു ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ഥികളും കുവൈത്ത് എന്‍ജിനിയേഴ്സ് ഫോറത്തിലെ എട്ടു അലൂംനികളില്‍നിന്നായി 30 ല്‍ പരം കുട്ടികളും സയന്‍സ് എക്സിബിഷനില്‍ പങ്കെടുക്കും.

കുവൈത്തിലെ ശാസ്ത്ര വിഷയങ്ങളില്‍ താത്പര്യമുള്ള പൊതു സമൂഹത്തിലെ മെംബര്‍മാര്‍ക്കും അവരുടെ ശാസ്ത്ര വിരുതുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു മത്സരവും ഒരുക്കിയിട്ടുണ്ട്. കൂടാതെ പൊതുസമൂഹത്തിലെ വിദ്യാര്‍ഥി കള്‍ക്കായി റുബികസ് ക്യൂബ് സോള്‍വിംഗ് മത്സരവും ആനിമേഷന്‍ മത്സരവും നടക്കും.

ഒമ്പതാം ക്ളാസുമുതല്‍ പന്ത്രണ്ടാം ക്ളാസ് വരെ ഉള്ള സ്കൂള്‍ കുട്ടികള്‍ക്കായി പഠന നിലവാരം ഉയര്‍ത്തുവാനും മാനസിക പിരിമുറുക്കം നിയന്ത്രിക്കുവാനും പരിശീലിപ്പിക്കുന്ന മൈന്റ് പവര്‍ സെമിനാറും നടക്കും. കൂടാതെ കുവൈത്തിലെ ഇന്ത്യന്‍ സ്കൂളില്‍ പത്താം ക്ളാസിലെ പഠനത്തിലും മറ്റു പ്രവര്‍ത്തനത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ക്കു ചടങ്ങില്‍ ഉപഹാരം സമ്മാനിക്കും.

വൈകുന്നേരം അഞ്ചിനു നടക്കുന്ന സമാപന ചടങ്ങില്‍ ഒഡി ഓള്‍ട്ടര്‍നേട്ടീവ്സിന്റെ മാനേജിംഗ് ഡയറക്ടറും ടാറ്റ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ വിസിറ്റിംഗ് പ്രഫസറുമായ മിസ്റര്‍ സന്തോഷ് കുമാര്‍ അഭിസംബോധന ചെയ്യും. 'ടാപ്പിംഗ് യുവര്‍ ഇന്നര്‍ പൊട്ടെന്‍ഷ്യല്‍' എന്ന വിഷയത്തില്‍ ഒരു പ്രദര്‍ശനവും നടത്തും. തുടര്‍ന്നു വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാന ദാനവും നടക്കും. പരിപാടിയിലേക്കുള്ള പ്രവേശനം സൌജന്യമായിരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ എന്‍എസ്എസ് എന്‍ജിനിയറിംഗ് കോളജ് അലൂംനി കുവൈത്ത് ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് അഷ്റഫ്, കണ്‍വീനര്‍ വിനോദ് എ.പി. നായര്‍, വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായ ജസ്റിന്‍ ജോസഫ്, സന്തോഷ്കുമാര്‍ സ്വാമി നാഥന്‍, സുനില്‍ ജേക്കബ് എന്നിവരും പങ്കെടുത്തു.

വിവരങ്ങള്‍ക്ക്: 69949331, 66068575, 50942499, 50615575.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍