'അറിവില്‍നിന്നു തിരിച്ചറിവിലേക്കു വളരുക'
Monday, May 2, 2016 6:27 AM IST
സിഡ്നി: കളിച്ചും ചിരിച്ചും പ്രണയിച്ചും പ്രാര്‍ഥിച്ചുമൊക്കെ മനോഹരമാക്കേണ്ട കുടുംബജീവിതാനുഭവത്തെ ഓര്‍മിച്ചെടുക്കാന്‍പോലും ഭയപ്പെടുന്ന വിധത്തില്‍ ഭാരപ്പെടുത്താതെ, അനന്യമായ ആന്തരിക ജീവിത പ്രകാശമനുഭവിച്ച്, ജീവന്റെ സമൃദ്ധിഘോഷിച്ച്, കുടുംബജീവിതം ഒരു ആത്മീയ ആഘോഷമായിമാറ്റി, സുകൃതസുഗന്ധമുള്ളവരായി ജീവിക്കാമെന്നു സിഡ്നി ബഥേല്‍ മാര്‍ത്തോമ ദേവാലയത്തില്‍ നടന്ന വചനപ്രഘോഷണ ശുശ്രൂഷയില്‍ സണ്ണി സ്റീഫന്‍ വ്യക്തമാക്കി.

ദൈവമെന്ന ലഹരിയെക്കുറിച്ചു ഭൂമിയോട് പറയേണ്ടവര്‍ അതിനേക്കാള്‍ ചെറിയ ലഹരിയില്‍ കുരുങ്ങിക്കൂടാ. സാധാരണ ജീവിതത്തില്‍ നിന്നു ആത്മീയ ലഹരി പടിയിറങ്ങിപ്പോയവര്‍ക്കാണു കൃത്രിമ ലഹരിയെ ആശ്രയിക്കേണ്ടിവരുന്നത്.

അധികാരവും അഹങ്കാരവും ആഡംബരവുമെല്ലാം ഒരുതരം ലഹരിയാണ്. ഇവയെല്ലാം നമ്മെ ദൈവത്തില്‍നിന്നകറ്റുന്നു. ഒരു ദിവസംകൊണ്ടല്ല റോമാ നഗരം പണിയപ്പെട്ടത് ഒരു ദിവസംകൊണ്ടല്ല റോമാ നഗരം ജീര്‍ണിച്ചതും ആകാശത്തു നിന്നു വീണാല്‍ പിന്നെ നക്ഷത്രങ്ങളില്ല കരിക്കട്ട മാത്രം. ചെറിയ കാര്യങ്ങളിലുള്ള അവിശ്വസ്തതയില്‍നിന്നാണ് വീഴ്ചകള്‍ ആരംഭിക്കുന്നത്. ചെറിയ കാര്യങ്ങളില്‍ വിശ്വസ്തത പുലര്‍ത്തുന്നവരെയാണ് വലിയ കാര്യങ്ങള്‍ക്കായി ദൈവം കരുതിവയ്ക്കുന്നത്.

ചോദ്യംചെയ്യപ്പെടാനാവാത്ത വിശ്വാസ്യതയോടെ, വാഴ്വിന്റെ അഗാധ രഹസ്യങ്ങള്‍ പറഞ്ഞുകൊടുക്കുവാന്‍ കഴിയുന്ന ആത്മീയപ്രഭയുള്ളവരായി ജീവിക്കുവാനും ജീവിതം സന്ദേശമായി തീര്‍ക്കുവാനും പ്രതിജ്ഞയെടുത്ത് പ്രകാശമുള്ള ജീവിതം നയിക്കണമെന്നും സണ്ണി സ്റീഫന്‍ ഉദ്ബോധിപ്പിച്ചു.

ഫാ. തോമസ് കോശിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: കെ.ജെ. ജോണ്‍