റോമിംഗ് നിരക്ക് പരിധി പ്രാബല്യത്തില്‍
Monday, May 2, 2016 6:22 AM IST
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കിടയില്‍ റോമിംഗ് നിരക്കുകള്‍ക്ക് പരിധി നിശ്ചയിച്ച തീരുമാനം ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍.

മിനിറ്റിന് 0.06 യൂറോയില്‍ കൂടുതല്‍ റോമിംഗ് നിരക്ക് ഈടാക്കരുതെന്നാണ് പുതിയ ചട്ടം. എസ്എംഎസിന് ഇതു പരമാവധി 0.02 യൂറോയുമായിരിക്കും. ഡേറ്റ മെഗാബൈറ്റിന് 0.06 യൂറോയാണു പരിധി.

ഇന്‍കമിംഗ് കോളുകള്‍ക്ക് ചുമത്താവുന്ന പരമാവധി ചാര്‍ജ് 0.012 യൂറോയുമായിരിക്കും. വാറ്റ് നികുതി കൂടി വരുന്നതിനാല്‍ ജര്‍മനിയില്‍ ഈ നിരക്ക് അല്‍പ്പം ഉയരും. അടുത്ത വര്‍ഷത്തോടെ യൂറോപ്യന്‍ യൂണിയനുള്ളില്‍ റോമിംഗ് നിരക്കുകള്‍ പൂര്‍ണമായി ഒഴിവാക്കുകയാണ് ലക്ഷ്യം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍