സംയുക്ത ഏകദിന സെമിനാര്‍ സമാപിച്ചു
Monday, May 2, 2016 6:22 AM IST
മെസ്കിറ്റ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസന സതേണ്‍ റീജണ്‍ സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും സംയുക്ത ഏകദിന സെമിനാര്‍ മെസ്കിറ്റ് മാര്‍ ഗ്രീഗോറിയോസ് ദേവാലയത്തില്‍ സംഘടിപ്പിച്ചു.

മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ച് ഗായക സംഘം ആലപിച്ച പ്രാര്‍ഥനാ ഗാനത്തോടെ പരിപാടിക്കു തുടക്കം കുറിച്ചു. ഫാ. പോള്‍ തോട്ടക്കാട്ട്(വികാരി) സ്വാഗതമാശംസിച്ചു. റവ. വി.എം. തോമസ് കോര്‍ എപ്പിസ്കോപ്പാ, ഫാ. ബിനു ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പാ, ഫാ. ഏലിയാസ് എരമത്ത്, ഫാ. ബിനു തോമസ്, റവ. ഡോ. സാക്ക് വര്‍ഗീസ്, ഫാ. മാര്‍ട്ടിന്‍ ബാബു എന്നിവരും സന്നിഹിതരായിരുന്നു.

തികഞ്ഞ ആത്മീയത നിറഞ്ഞ അന്തരീക്ഷത്തില്‍ നടന്ന ഈ കൂട്ടായ്മയില്‍ വിവിധ ദേവാലയങ്ങളില്‍നിന്നുമായി ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. ക്രിസ്തീയ കുടുംബ ജീവിതത്തിന്റെ പ്രസക്തിയെക്കുറിച്ചും സന്തുഷ്ടകരമായ കുടുംബ ജീവിതത്തില്‍ ഭാര്യ ഭര്‍ത്താക്കന്മാരുടെ പങ്കിനെക്കുറിച്ചും. ഫാ. എല്‍ദൊ പൈലി (മുഖ്യപ്രഭാഷകന്‍) അംഗങ്ങളെ ഉദ്ബോധിപ്പിച്ചു.

2015 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കോ-ഓര്‍ഡിനേറ്റര്‍മാരായ അന്നമ്മ ബാബു, ബിജു ഇട്ടന്‍, സാജു മോള്‍ മത്തായി എന്നിവര്‍ യോഗത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്നുളള നടത്തിപ്പിനായി അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ പ്രവര്‍ത്തന അവലോകന ചര്‍ച്ചയില്‍ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുത്തു. ഫാ. പോള്‍ തോട്ടക്കാടിന്റെ നേതൃത്വത്തില്‍ നടത്തിയ ബൈബിള്‍ ക്വിസ് വ്യത്യസ്തയാര്‍ന്നതും മികവുറ്റതുമായ പ്രോഗ്രാമായിരുന്നു. വിവിധ ദേവാലയങ്ങളിലെ ഗായകസംഘം അവതരിപ്പിച്ച ഭക്തി സാന്ദ്രമായ ഗാനങ്ങള്‍ പരിപാടിക്കു കൊഴുപ്പേകി.

സി.പി. പൌലോസ്, ഷീലാ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സ് ജോണ്‍, ഷോണ്‍ ജോര്‍ജ് എന്നിവര്‍ എംസിയായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍