കേരളം വലത്തോട്ട്: യുഡിഎഫ് ഹൂസ്റണ്‍ സര്‍വേ
Monday, May 2, 2016 6:21 AM IST
ഹൂസ്റണ്‍: ഹൂസ്റണിലെ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കേരള നിയമസഭ തെരഞ്ഞെടുപ്പു അവലോകന യോഗത്തില്‍ കേരളം ഇത്തവണയും വലത്തോട്ട് എന്ന് വിലയിരുത്തല്‍.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ വലിയ ചലനം സൃഷ്ടിച്ചുവെന്നും അത് കൃത്യമായും വോട്ടാകുമെന്നും യോഗം വിലയിരുത്തി. സമസ്ത മേഖലകളിലുമുള്ള വികസനം കേരളത്തിന്റെ മുഖഛായ തന്നെ മാറ്റിയെന്നുള്ള സത്യം പ്രവാസികളെ പോലെ കേരളത്തിലെ ജനങ്ങളും മനസിലാക്കിയിട്ടുണ്െടന്നും ആ സത്യം എത്ര കുപ്രചാരണകോട്ട കെട്ടിയാലും മറയ്ക്കാന്‍ പറ്റില്ലായെന്നും യോഗം വിലയിരുത്തി.

സ്റാഫോര്‍ഡിലെ സൌത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ ഏപ്രില്‍ 24നു നടന്ന അവലോകനയോഗത്തില്‍ ഹൂസ്റണിലെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. ഹൂസ്റണില്‍ സ്ഥിരതാമസമാക്കിയ പ്രവാസികള്‍ തങ്ങളുടെ ജില്ലകളിലെ സ്ഥാനാര്‍ഥികളേയും അവരുടെ വിജയ-പരാജയ സാധ്യതകളെയും കുറിച്ച് അവലോകനം നടത്തി.

ഐഎന്‍ഒസി ടെക്സസ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ബേബി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യുഡിഎഫ് നേതാവും ഉഴവൂര്‍ സ്വദേശിയും പ്രവാസികളുടെ സുഹൃത്തുമായിരുന്ന ജോസ് ചെറുകരയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ജോര്‍ജ് കോളാച്ചേരി അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പു അവലോകനത്തില്‍ പ്രവാസി കോണ്‍ഗ്രസ് നേതാവ് സണ്ണി കാരിക്കല്‍, വാവച്ചന്‍ മത്തായി, പൊന്നുപിള്ള, ജീമോന്‍ റാന്നി എന്നിവര്‍ പ്രസംഗിച്ചു. ഡോ. രഞ്ജിത്ത് പിള്ള മോഡറേറ്ററായിരുന്നു. ചര്‍ച്ചകളില്‍ ശശിധരന്‍ നായര്‍, ഏബ്രഹാം ഈപ്പന്‍, തോമസ് ഓലിയം കുന്നേല്‍, ദാനിയേല്‍ ചാക്കോ, ബാബു തെക്കേക്കര, ജോസ് പട്ടാണികുന്നേല്‍, ജിജി ഓലിക്കല്‍, രാജന്‍ യോഹന്നാന്‍, ഏബ്രഹാം തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.