ജര്‍മനിയിലെ തൊഴിലില്ലായ്മാനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍
Monday, May 2, 2016 5:04 AM IST
ബര്‍ലിന്‍: വളര്‍ച്ച സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും ജര്‍മനിയില്‍ തൊഴിലില്ലായ്മാ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന അവസ്ഥയിലെത്തി.

യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ജര്‍മനിയുടെ തിരിച്ചുവരവ് ശരിയായ പാതയില്‍ തന്നെയാണെന്നതിനു തെളിവാണിതെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. ആഗോള തലത്തില്‍ തുടരുന്ന അനിശ്ചിതത്വങ്ങളും വന്‍ അഭയാര്‍ഥിപ്രവാഹങ്ങളുമൊന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടില്ലെന്നാണു വ്യക്തമാകുന്നത്.

ഏപ്രിലിലെ കണക്കനുസരിച്ച് 6.2 ശതമാനമാണു തൊഴിലില്ലായ്മാ നിരക്ക്. ശതമാനക്കണക്കില്‍ ഇത് മാര്‍ച്ചിലേതിനു തുല്യമാണെങ്കിലും, തൊഴില്‍രഹിതരുടെ എണ്ണത്തില്‍ പതിനാറായിരത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അഡ്ജസ്റ് ചെയ്യാത്ത കണക്കില്‍ നിരക്ക് മാര്‍ച്ചിലെ 6.5 ശതമാനത്തില്‍നിന്ന് 6.3 ശതമാനമായും കുറഞ്ഞു.

റിപ്പോര്‍ട്ട്:ജോസ് കുമ്പിളുവേലില്‍