ജര്‍മനിയില്‍ ഇ-കാറുകള്‍ക്ക് നാലായിരം യൂറോ കിഴിവ്
Saturday, April 30, 2016 4:35 AM IST
ബര്‍ലിന്‍: ഇലക്ട്രിക് കാര്‍ വില്‍പ്പന പുഷ്ടിപ്പെടുത്താന്‍ ജര്‍മന്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി, ഇ-കാര്‍ വാങ്ങുന്നവര്‍ക്കെല്ലാം നാലായിരം യൂറോ വീതം വിലക്കിഴിവ് നല്‍കാന്‍ തീരുമാനം.

ഈ മേഖലയിലെ വളര്‍ച്ച മന്ദഗതിയില്‍ തുടരുന്നതും, ദേശീയ കാലാവസ്ഥാ ലക്ഷ്യത്തിലേക്കുള്ള ദൂരം കുറയാതിരിക്കുന്നതും കണക്കിലെടുത്താണ് നടപടി.

പ്ളഗ് ഇന്‍ ഹൈബ്രിഡ് വേരിയന്റുകളാണെങ്കില്‍ മൂവായിരം യൂറോയും സബ്സിഡി നല്‍കും. ഇതിന് ആവശ്യം വരുന്ന ചെലവ് സര്‍ക്കാരും കാര്‍ നിര്‍മാതാക്കളും തുല്യമായാണ് വഹിക്കുക.

അടുത്ത മാസം ആരംഭിക്കുന്ന പദ്ധതി വിജയമായാല്‍, മലിനീകരണം സൃഷ്ടിക്കാത്ത പത്തു ലക്ഷം കാറുകള്‍ നിരത്തിലിറക്കുക എന്ന ലക്ഷ്യം 2020 ഓടെ സാധ്യമാകും. നിലവില്‍ നാലരക്കോടി കാറുകളാണ് ജര്‍മന്‍ നിരത്തുകളിലുള്ളത്. ഇവയില്‍ അമ്പതിനായിരം മാത്രമാണ് ഇ-കാറുകള്‍.

സര്‍ക്കാര്‍ നിര്‍ദേശിച്ച സബ്സിഡി പദ്ധതിയുമായി സഹകരിക്കാമെന്ന് ഫോക്സ് വാഗന്‍, ഡെയിംലര്‍, ബിഎംഡബ്ള്യു എന്നീ വമ്പന്‍മാര്‍ സമ്മതിച്ചു കഴിഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍