ഐഎന്‍എഐ നഴ്സസ് വാരാഘോഷം നടത്തി
Saturday, April 30, 2016 4:33 AM IST
ഷിക്കാഗോ: ഇന്‍ഡ്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ നഴ്സസ് വാരാഘോഷം വിശിഷ്ടാതിഥികളുടേയും, നഴ്സുമാരുടേയും സാന്നിധ്യത്തില്‍ ഏപ്രില്‍ 23-നു വിപുലമായി ആഘോഷിച്ചു. ഐഎന്‍എഐ പ്രസിഡന്റ് മേഴ്സി കുര്യാക്കോസിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ സീറോ മലങ്കര പള്ളി വികാരി റവ.ഫാ. ബാബു മഠത്തിപ്പറമ്പില്‍ തിരി തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യാതിഥിയായിരുന്ന കുക്ക് കൌണ്ടി ഹെല്‍ത്ത് സിസ്റത്തിന്റെ നഴ്സിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആഗ്നസ് തേരാടി 'കള്‍ച്ചറല്‍ സേഫ്റ്റി' എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.

ജിഎസ്എ ഗ്രേറ്റ്ലേക്ക് റീജിയന്‍ അഡ്മിനിസ്ട്രേറ്റര്‍ ആന്‍ കാലായില്‍, ഡമോക്രാറ്റിക് ലീഡര്‍ രാജാ കൃഷ്ണമൂര്‍ത്തി, ഹോംലാന്‍ഡ് സെക്യൂരിറ്റി അഡ്വൈസര്‍ ജയിംസ് ജോസഫ്, ഏഷ്യന്‍ അമേരിക്കന്‍ ഔട്ട് റീച്ച് സീനിയര്‍ പോളിസി അഡ്വൈസര്‍ തെരേസാ മാ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

നാഷണല്‍ പ്രസിഡന്റ് സാറാ ഗബ്രിയേല്‍, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഫിലോ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഒക്ടോബറില്‍ നടക്കുന്ന നാഷണല്‍ എഡ്യൂക്കേഷന്‍ കോണ്‍ഫറന്‍സിന്റെ കിക്കോഫും ദതവസരത്തില്‍ നടത്തപ്പെട്ടു.

നഴ്സിംഗിന്റെ വിവിധ മേഖലകളില്‍ പ്രശസ്ത സേവനം അനുഷ്ഠിച്ചവരെ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. മികച്ച എപിഎന്‍ ഡോ. സിമി ജോസഫ്, മികച്ച ക്ളിനിക്കല്‍ നഴ്സ് ത്രേസ്യാക്കുട്ടി ജോയി എന്നിവരേയും ഏറ്റവും കൂടുതല്‍ പരിചയസമ്പന്നയായ നഴ്സായി ചിന്നമ്മ ഫിലിപ്പും തെരഞ്ഞെടുക്കപ്പെട്ടു. നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പിന് ജോര്‍ളി തര്യത്ത്, ഷോണ്‍ തോമസ്, ലിയ ജോയി, ഷോബിന്‍ കുര്യന്‍ എന്നിവര്‍ അര്‍ഹരായി. മേരി റെജീന സേവ്യറും റാണി കാപ്പനും അവാര്‍ഡ് കമ്മിറ്റിയുടെ കോര്‍ഡിനേറ്റര്‍മാരായിരുന്നു.

ശോഭ ജിബി കോര്‍ഡിനേറ്റ് ചെയ്ത മുപ്പതോളം നഴ്സുമാര്‍ പങ്കെടുത്ത ഫാഷന്‍ ഷോ ശ്രദ്ധേയമായി. ജൂലി വള്ളിക്കളം&ടീം, സോഫിയ സാക്കര്‍ & ടീം, ശോഭ ജിബി എന്നിവരുടെ നൃത്തങ്ങളും, ശാന്തി ജയ്സണ്‍, സാലി മാളിയേക്കല്‍ എന്നിവരുടെ ഗാനങ്ങളും പരിപാടികള്‍ ആകര്‍ഷകമാക്കി.

സെക്രട്ടറി ജൂബി വള്ളിക്കളം സ്വാഗതവും, വൈസ് പ്രസിഡന്റ് മോളി സക്കറിയ നന്ദിയും പറഞ്ഞു. ഡോ. സിമി ജോസഫ് പരിപാടികളുടെ എംസിയായിരുന്നു. മേരി റെജീന സേവ്യര്‍, മോളി സഖറിയ, ജൂലി തോമസ്, അനു സിറിയക്, സോഫി ലൂക്കോസ്, ചിന്നമ്മ ഫിലിപ്പ്, ടിന്റു തോമസ്, മേരി ബെന്നി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജൂബി വള്ളിക്കളം