എംഎസിഎഫ് വസന്തോത്സവവും തട്ടുകടയും റ്റാമ്പായെ ഇളക്കിമറിച്ചു
Saturday, April 30, 2016 4:32 AM IST
റ്റാമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ ആഭിമുഖ്യത്തില്‍ റ്റാമ്പായില്‍ നടന്ന വസന്തോത്സവവും നാടന്‍ തട്ടുകടയും അഭൂതപൂര്‍വ്വമായ ജനത്തിരക്കും എല്ലാവരേയും അമ്പരപ്പിച്ചു. റ്റാമ്പായിലുള്ള എല്ലാ പ്രമുഖ മലയാളി കടകളും അണിനിന്ന ആറിലധികം തട്ടുകടില്‍ നിന്നും നാടന്‍ വിഭവങ്ങള്‍ വാങ്ങുവാനായി ഉത്സവപ്പറമ്പുകളെ അനുസ്മരിക്കുന്ന തിരക്കായിരുന്നു.

വൈകുന്നേരം 5.30-ഓടെ ജോണ്‍സണ്‍- ഒഎന്‍വി കൂട്ടുകെട്ടിന്റെ വിവിധ ഗാനങ്ങള്‍ ഈ അനുഗ്രഹീത കലാകാരന്മാരുടെ ഓര്‍മ്മയ്ക്കായി അവതരിപ്പിച്ചുകൊണ്ട് കലാപരിപാടികള്‍ ആരംഭിച്ചു. പ്രശസ്ത സിനിമാതാരം ലാലു അലക്സ് മുഖ്യാതിഥിയായിരുന്നു. അമേരിക്കയില്‍ ഇത്രയധിക ജനസമൂഹത്തെ താന്‍ ആദ്യമായാണ് അഭിസംബോധന ചെയ്യുന്നതെന്ന് ലാലു അലക്സ് എടുത്തുപറഞ്ഞു. അസോസിയേഷന്‍ സെക്രട്ടറി രാജീവ് നായര്‍ സ്വാഗതവും, ജോയിന്റ് സെക്രട്ടറി സജി കരിമ്പന്നൂര്‍ നന്ദിയും പറഞ്ഞു. അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് ഡോ. രാധാകൃഷ്ണന്‍ കുട്ടികള്‍ക്ക് വിഷുക്കൈനീട്ടം നല്‍കി. ടോമി വട്ടമാക്കല്‍, മറിയാമ്മ വട്ടമറ്റം, ഷീല ഷാജ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഈസ്റര്‍ ഗാനങ്ങള്‍ ആലപിക്കുകയുണ്ടായി. അസോസിയേഷന്‍ പ്രസിഡന്റ് ടോമി മ്യാല്‍ക്കരപ്പുറത്ത് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ മലയാളി സമൂഹം ഒറ്റക്കെട്ടായി എം.എ.സി.എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ അണിനിരക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ടി. ഉണ്ണികൃഷ്ണന്‍ അസോസിയേഷന്റെ പടിപടിയായുള്ല ഉയര്‍ച്ചയും ദീര്‍ഘകാല പദ്ധതികളും വിവരിച്ചു.

ആന്റണി ചേലക്കാട്ടും സംഘവും അവതരിപ്പിച്ച ഗാനമേള, കലാനികേതന്റെ ഡാന്‍സ്, ഷോണി ഏബ്രഹമും, ശ്രീജിത്ത് ഗോപിയും അവതരിപ്പിച്ച വാദ്യോപകരണ സംഗീതം തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങള്‍ പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി.

കേരളാ രീതിയില്‍ ആറു തട്ടുകടകള്‍ തയാറാക്കിയ സാജന്‍ കോരത്, തോമസ് ജോര്‍ജ്, സുനില്‍ വര്‍ഗീസ്, ഷാജി ജോസഫ്, സജി കരിമ്പന്നൂര്‍, ലിജു ആന്റണി, ഷാജ ഔസേഫ്, ടിറ്റോ ജോണ്‍, രാം പ്രസാദ് തുടങ്ങിയവരെ കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു.

രാജീവ് നായര്‍, ഷീല ഷാജു, ബിജോയ് ജേക്കബ് തുടങ്ങിയവര്‍ അവതാരകരായിരുന്നു. തമ്പി ഇലവുങ്കല്‍, ജേക്കബ് ജോണ്‍സണ്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ അവതരിപ്പിച്ച ചെണ്ടമേളം ശ്രദ്ധേയമായിരുന്നു. അസോസിയേഷന്റെ ധനശേഖരണാര്‍ത്ഥം നടത്തുന്ന 'സ്റേജ് ഷോ' തൈക്കുടം ബ്രിഡ്ജ് ജൂണ്‍ 3-ന് ശനിയാഴ്ച ക്നാനായ കമ്യൂണിറ്റി സെന്ററില്‍ നടക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം