ഫ്ളോറിഡയിലെ സ്ഥാനാര്‍ഥി സാജന്‍ കുര്യന് പിന്തുണയുമായി ന്യൂയോര്‍ക്ക് മലയാളികള്‍
Saturday, April 30, 2016 4:31 AM IST
യോങ്കേഴ്സ്, ന്യൂയോര്‍ക്ക്: ഫ്ളോറിഡയിലെ 92-ാമത് ഡിസ്ട്രിക്ടില്‍ നിന്നു സ്റ്റേറ്റ് ഹൌസിലേക്ക് മത്സരിക്കുന്ന സാജന്‍ കുര്യന് സുഹൃദ് സംഘം നല്‍കിയ സ്വീകരണവും ഫണ്ട് സമാഹരണവും അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത് മലയാളികളുടെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള ആഹ്വാനവുമായി.

പ്രസംഗികര്‍ നല്‍കിയ നിര്‍ലോപമായ പിന്തുണയ്ക്ക് നന്ദി പറഞ്ഞ സാജന്‍ കുര്യന്‍ വിജയിച്ചാല്‍ അമേരിക്കയിലെ എല്ലാ മലയാളികളുടേയും പ്രതിനിധിയായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പു നല്‍കി. സ്റ്റേറ്റ് ലെജിസ്ളേച്ചറിലേക്കാണ് മത്സരിക്കുന്നതെങ്കിലും ദേശീയതലത്തില്‍ നാവിഗേറ്റ് ചെയ്യാന്‍ തനിക്ക് കഴിയും സ്ഥാനങ്ങളില്ലാതെ തന്നെ ഒട്ടേറെ പേരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും പരിഹാരം കാണുകയും ചെയ്തിട്ടുണ്ട് സാജന്‍ പറയുന്നു.

മയാമിയോട് തൊട്ടടുത്തുള്ള ബ്രോവാര്‍ഡ് കൌണ്ടിയിലെ ഫോര്‍ട്ട് ലോഡല്‍ഡേല്‍, പൊമ്പാനോ ബീച്ച് തുടങ്ങിയ ഭാഗങ്ങള്‍ ചേര്‍ന്ന ഡിസ്ട്രിക്ടില്‍ 87,000 വോട്ടര്‍മാരുണ്ട്. അതില്‍ പത്തുശതമാനം ഇന്ത്യക്കാര്‍.

ഓഗസ്റ് 30നു നടക്കുന്ന പ്രെെമറിയില്‍ സാജന്‍ അടക്കം അഞ്ചുപേരാണ്. നാലുപേരും ആഫ്രിക്കന്‍ അമേരിക്കക്കാര്‍. ഡിസ്ട്രിക്ടിലെ ഭൂരിപക്ഷം വോട്ടര്‍മാരും വെള്ളക്കാരാണ്. കറുത്തവര്‍ 30 ശതമാനം. വോട്ട് വിഭജിക്കപ്പെടുമ്പോള്‍ വിജയസാധ്യത ഏറെയാണെന്ന് സാജന്‍ പറയുന്നു. ലാറ്റിനോ, കരീബിയന്‍ വോട്ടര്‍മാരുടെ ഇടയിലും സാജന് ഗണ്യമായ പിന്തുണയുണ്ട്.

സ്വാതന്ത്യ്രസമര സേനാനിയും എ.ഐ.സി.സി അംഗവുമായിരുന്നു സാജന്റെ പിതാവ്. ഗോവയിലും മുംബൈയിലും പ്രവര്‍ത്തിച്ചശേഷം പഠനത്തിനായാണ് 90കളില്‍ അമേരിക്കയില്‍ എത്തിയത്. ന്യൂയോര്‍ക്കിലും ടെക്സസിലും പ്രവര്‍ത്തിച്ചശേഷം ഫ്ളോറിഡയിലെത്തി.

ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ റിപ്പബ്ളിക്കനാണെങ്കിലും പാര്‍ട്ടി മറന്നു തന്നെ പിന്തുണച്ചു. ആദ്യത്തെ ചെക്ക് തന്നത് അദ്ദേഹമാണ്. പിന്നീട് ഫൊക്കാന, ഐ.എന്‍.ഒ.സി തുടങ്ങിയ സംഘടനകളും പിന്തുണയുമായെത്തി.

ഇലക്ഷന്‍ രംഗത്തുവരാന്‍ കുടുംബാംഗങ്ങളുടെ പൂര്‍ണപിന്തുണയുണ്ട്. ഭാര്യ ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്നു. ഫോമ ജോയിന്റ് സെക്രട്ടറി സ്റാന്‍ലി കളത്തില്‍, ജോ. ട്രഷറര്‍ ജോഫ്രിന്‍ ജോസ്, പി.ആര്‍.ഒ ജോസ് ഏബ്രഹാം എന്നിവരാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ഫോമ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, നാസാ കൌണ്ടി ഡമോക്രാറ്റിക് നോതാവ് വര്‍ഗീസ് ജോസഫ് , പ്രദീപ് നായര്‍, ബന്‍ കൊച്ചീക്കാരന്‍, ഷിനു ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ സമാഹരിച്ച നാലയിരത്തോളം ഡോളര്‍ ഷാജി എഡ്വേര്‍ഡ് സാജനെ ഏല്പിച്ചു.