ഫ്രണ്ട്സ് ഓഫ് ബഹറിന്‍ ഇന്ത്യന്‍ ഐക്കണ്‍ 2016: നടന്‍ മധു ഏറ്റു വാങ്ങി
Thursday, April 28, 2016 8:37 AM IST
മനാമ: ഫ്രണ്ട്സ് ഓഫ് ബഹറിന്‍ ഇന്ത്യന്‍ ഐക്കണ്‍ 2016 ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ ഏബ്രഹാം ജോണിന്റെ കൈയില്‍ നിന്നും ബഹറിന്‍ ബാന്‍ സാങ്ഗ് തായ് ഓഡിറ്റോറിയത്തില്‍ വച്ച് തിങ്ങി നിറഞ്ഞ കലാസ്വാദകരെയും ബഹറിനിലെ കലാ സാംസ്കാരിക, സാമൂഹിക, സംഘടനാ പ്രവര്‍ത്തകരുടേയും സാക്ഷിയാക്കി നടന്‍ മധു ഏറ്റു വാങ്ങി.

പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് സോമന്‍ ബേബി അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ഫ്രണ്ട്സ് ഓഫ് ബഹറിന്‍ ചെയര്‍മാന്‍ എഫ്.എം. ഫൈസല്‍ തലപ്പാവ് അണിയിച്ചു.

ചടങ്ങില്‍ പ്രവാസി ഐക്കണ്‍ 2016 അവാര്‍ഡ് ഒരു പാട് സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ഒരു പാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രവാസി സംഘടനയായ ബഹറിന്‍ കെഎംസിസിക്കുവേണ്ടി പ്രസിഡന്റ് എസ്.വി. ജലീലും മറ്റു ഭാരവാഹികളും ചേര്‍ന്നു മധുവിന്റെ കൈകളില്‍ നിന്നും ഏറ്റു വാങ്ങി. ബിസിനസ് എക്സലന്‍സ് അവാര്‍ഡ് ഗുഡ്വിന്‍ തോമസിനും എമര്‍ജിംഗ് ബിസിനസ് എന്റര്‍പ്രണര്‍ അവാര്‍ഡ് രണ്ജീവ് ലക്ഷ്മണിനും മധു സമ്മാനിച്ചു. രാജശേഖരന്‍ പിള്ള, മോനി ഒടികണ്ടത്തില്‍, അജയകൃഷ്ണന്‍ എന്നിവരെയും ബഹറിനിലെ മാധ്യമ പ്രവര്‍ത്തകരെയും ചടങ്ങില്‍ മൊമെന്റോ നല്‍കി ഫ്രണ്ട്സ് ഓഫ് ബഹറിനുവേണ്ടി മധു ആദരിച്ചു.

ചടങ്ങില്‍ ഫ്രണ്ട്സ് ഓഫ് ബഹറിന്‍ ചെയര്‍മാന്‍ എഫ്.എം. ഫൈസല്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജ്യോതിഷ് പണിക്കര്‍, രക്ഷാധികാരി ഏബ്രഹാം ജോണ്‍, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് സോമന്‍ ബേബി, ചോയ്സ് അഡ്വര്‍ടൈസിംഗ് എംഡി ജോര്‍ജ് മാത്യു, സ്പാക് ചെയര്‍മാന്‍ പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഐസിആര്‍എഫ് ജോ. സെക്രട്ടറി അജയകൃഷ്ണന്‍, ഇ.എ. സലിം എന്നിവര്‍ ഈസ്റര്‍-വിഷു ആശംസകള്‍ നേര്‍ന്നു. ഫ്രണ്ട്സ് ഓഫ് ബഹറിന്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ നന്ദി പറഞ്ഞു.

ചെമ്മീനിലെ പെണ്ണാളെ പെണ്ണാളെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ നൃത്ത ആവിഷ്കാരം ഉള്‍പ്പടെ വ്യത്യസ്തങ്ങളായ നൃത്തങ്ങളും സദസില്‍ കരഘോഷങ്ങള്‍ ഉയര്‍ത്തി. പത്മശ്രീ മധുവിന്റെ അനശ്വര ചിത്രങ്ങളിലെ പ്രണയഗാനങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ ഗാനമേളയും പരിപാടിക്കു മാറ്റുകൂട്ടി.