ജര്‍മനി ചാരസംഘടനാ മേധാവിയെ പുറത്താക്കി
Thursday, April 28, 2016 8:36 AM IST
ബെര്‍ലിന്‍: ജര്‍മന്‍ വിദേശ ഇന്റലിജന്‍സ് ഏജന്‍സിയായ ബിഎന്‍ഡിയുടെ തലവന്‍ ജെറാര്‍ഡ് ഷിന്‍ഡ്ലറെ സര്‍ക്കാര്‍ പുറത്താക്കി. കാരണം വ്യക്തമായിട്ടില്ല.

നേരത്തെ, യുഎസ് ചാര സംഘടനയായ എന്‍എസ്എയ്ക്കു വേണ്ടി ബിഎന്‍ഡി ചാരവൃത്തി നടത്തിയെന്ന വെളിപ്പെടുത്തല്‍ വന്‍ വിവാദമായിരുന്നു. പുറത്താക്കലും ഇതും തമ്മില്‍ ബന്ധമുണ്ടോ എന്നു വ്യക്തമല്ല.

ധനമന്ത്രി വോള്‍ഫ്ഗാങ് ഷോബ്ളിന്റെ അടുപ്പക്കാരനായി അറിയപ്പെടുന്ന ബ്രൂണോ കാള്‍ ആയിരിക്കും ബിഎന്‍ഡിയുടെ പുതിയ മേധാവി. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ഓഫീസില്‍നിന്നും പുറത്തുവന്നുകഴിഞ്ഞു.

2012 മുതല്‍ ബിഎന്‍ഡി മേധാവിയാണ് ഷിന്‍ഡ്ലര്‍. രണ്ട് വര്‍ഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് അറുപത്തിമൂന്നുകാരന്റെ പുറത്താകല്‍. എന്‍എസ്എ വിവാദത്തിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനിലയും മോശമായിരുന്നു എന്നു സൂചനകളുണ്ട്.

സൌദി അറേബ്യയുടെ വിദേശ നയത്തെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു ബിഎന്‍ഡിയെ ജര്‍മന്‍ സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍