കോളജുകളില്‍ ജാപ്പനീസ് ഭാഷ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം
Thursday, April 28, 2016 7:25 AM IST
ബംഗളൂരു: സംസ്ഥാനത്ത് ജാപ്പനീസ് ഭാഷാ കോഴ്സ് ആരംഭിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ജപ്പാനിലെ തൊഴില്‍ സാധ്യതകള്‍ മുന്നില്‍ക്കണ്ട് പ്രധാനമായും എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളെ ഉദ്ദേശിച്ചാണ് ഈ നീക്കം. ഉന്നതവിദ്യാഭ്യാസ മന്ത്രി ടി.ബി. ജയചന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്.

വിധാന്‍ സൌധയില്‍ സാംസ്കാരിക കാര്യങ്ങള്‍ സംബന്ധിച്ച് ജാപ്പനീസ് കമ്മിറ്റിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ എന്‍ജിനിയര്‍മാര്‍ക്ക് തങ്ങളുടെ കമ്പനികളില്‍ ജോലി നല്കാന്‍ ജപ്പാന്‍ തയാറാണെന്നും അവര്‍ക്ക് ധാരാളം ജീവനക്കാരെ ആവശ്യമുണ്െടന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏകദേശം 40,000 യുവ എന്‍ജിനിയര്‍മാരെയാണ് ജാപ്പനീസ് കമ്പനികള്‍ തേടുന്നത്. മിക്ക കമ്പനികളും ഇന്ത്യയില്‍ നിന്നും, പ്രത്യേകിച്ച് ബംഗളൂരുവില്‍ നിന്നുള്ള യുവ എന്‍ജിനിയര്‍മാരെയാണ് ലക്ഷ്യമിടുന്നതെന്നാണ് വിവരം. പക്ഷേ, ജാപ്പനീസ് ഭാഷയില്‍ ആശയവിനിമയം നടത്തേണ്ടത് അത്യാവശ്യമാണ്.

അതിനാല്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത്, പ്രത്യേകിച്ച് എന്‍ജിനിയറിംഗ് കോളജുകളില്‍ ജാപ്പനീസ് ഭാഷ ഐശ്ചിക ഭാഷയായി ഉള്‍പ്പെടുത്തുമെന്നും ടി.ബി. ജയചന്ദ്ര അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ജപ്പാനില്‍ നിന്നുള്ള മുപ്പതംഗ ബിസിനസ് ഉന്നതസംഘം അടുത്തമാസം ബംഗളൂരു സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.