ഡാളസ് മാര്‍ത്തോമ ചര്‍ച്ച് ഫാര്‍മേഴ്സ് ബ്രാഞ്ച് ഓഡിറ്റോറിയം കൂദാശ ഏപ്രില്‍ 30ന്
Thursday, April 28, 2016 7:12 AM IST
ഡാളസ്: മാര്‍ത്തോമ ചര്‍ച്ച് ഫാര്‍മേഴ്സ് ബ്രാഞ്ചിന്റെ പുതുതായി പണി കഴിപ്പിച്ച ഓഡിറ്റോറിയത്തിന്റെ കൂദാശ ഏപ്രില്‍ 30നു (ശനി) വൈകുന്നേരം അഞ്ചിന് മാര്‍ത്തോമ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാര്‍ത്തോമ നിര്‍വഹിക്കും. ചടങ്ങില്‍ സഭയിലെ വൈദികരും കേരള എക്യുമെനിക്കല്‍ ചര്‍ച്ചുകളിലെ വികാരിമാരും പങ്കെടുക്കും.

ആറിനു നടക്കുന്ന പൊതുസമ്മേളനം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഫാര്‍മേഴ്സ് ബ്രാഞ്ച് സിറ്റി മേയര്‍, ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍, വിവിധ അസോസിയേഷനുകളുടെ പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ നേരും. തുടര്‍ന്നു സുവനീര്‍ പ്രകാശനവും റാഫിള്‍ ടിക്കറ്റിനു വിന്‍ ചെയ്ത വ്യക്തിക്ക് കാറിന്റെ കീ നല്‍കുകയും ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റ വ്യക്തിക്ക് രണ്ടുതവണ ഇന്ത്യയിലേക്ക് യാത്ര ചെയ്യാനുള്ള ടിക്കറ്റും രണ്ടുപേര്‍ക്ക് ഡല്‍ഹി ആഗ്ര, കോട്ടയം, കുമരകം ടൂര്‍ പാക്കേജും സമ്മാനിക്കും.

2015 ല്‍ ഈസ്റര്‍ ദിനത്തില്‍ തറക്കല്ലിട്ട ഈ ഓഡിറ്റോറിയം നാലര മില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് പണി കഴിപ്പിച്ചിട്ടുളളത്. 27000 ചതുരശ്ര അടി വലിപ്പമുളളതും 10 ക്ളാസ് മുറികള്‍, കിച്ചണ്‍, മുതിര്‍ന്ന പൌരന്മാര്‍ക്കുള്ള മുറികള്‍, ജിം, കോണ്‍ഫറന്‍സ് ഹാള്‍, നഴ്സറി തുടങ്ങി 12,000 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഡാളസിലെ മലയാളി സമൂഹത്തിനു അഭിമാനിക്കാവുന്ന ഒന്നാണ്. പതിനഞ്ചോളം വരുന്ന ബില്‍ഡിംഗ് കമ്മിറ്റിയും ഇരുപതോളം വരുന്ന ധന ശേഖരണ കമ്മറ്റിയുടെയും അധ്വാനത്തിന്റെ ഫലമാണ് ഒരു വര്‍ഷം കൊണ്ട് ഈ സംരംഭം പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. ഇതിന്റെ കണ്‍വീനര്‍മാരായി പ്രവര്‍ത്തിച്ചത് തോമസ് മാത്യുവും ജിജി ആന്‍ഡ്രൂസും ആണ്.

കൂദാശ കര്‍മ്മത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരിമാരായ റവ. സജി പിസിയും റവ. മാത്യു ശാമുവലും അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍