അജപാലന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് ഷിക്കാഗോ രൂപതാ പാസ്ററല്‍ കൌണ്‍സില്‍ സമ്മേളനം
Thursday, April 28, 2016 5:10 AM IST
ഷിക്കാഗോ: ഷിക്കാഗോ രൂപതയിലെ അജപാലന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജവും ഉണര്‍വും പ്രദാനം ചെയ്യാന്‍ സഹരായകമാകുന്ന മാര്‍ക്ഷനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് രൂപതാ പാസ്ററല്‍ കൌണ്‍സില്‍ സമ്മേളനം 2016 ഏപ്രില്‍ മാസം ഒമ്പതാം തീയതി ബല്‍വുഡ് മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ വച്ചു നടത്തപ്പെട്ടു. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമായി അമ്പതു പേര്‍ പങ്കെടുത്ത സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് ഉദ്ഘാടനം ചെയ്തു. സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് സ്വാഗതം ആശംസിക്കുകയും കാനഡയിലെ സീറോ മലബാര്‍ എക്സാര്‍ക്കേറ്റ് അധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലില്‍ പിതാവ് 'കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അധിഷ്ഠിതമായ ക്രിസ്തീയ ജീവിതസാക്ഷ്യം ഇടവക- മിഷന്‍ തലങ്ങളില്‍' എന്ന വിഷയത്തെ അധികരിച്ച് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി ആന്‍ഡ്രൂസ് തോമസ് 2015 മാര്‍ച്ച് മാസത്തില്‍ നടന്ന പാസ്ററല്‍ കൌണ്‍സിലിന്റെ ആദ്യ സമ്മേളനത്തിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കരുണയില്‍ അധിഷ്ഠിതമായ ക്രൈസ്തവ ജീവിതം വ്യക്തി- കുടുംബ -ഇടവക തലങ്ങളില്‍ പ്രാവര്‍ത്തികമാക്കാനാവശ്യമായ പ്രായോഗിക നിര്‍ദേശങ്ങള്‍ യോഗത്തില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചു. സമ്മേളനത്തില്‍ പങ്കുവെയ്ക്കപ്പെട്ട ക്രിയാത്മക നിര്‍ദേശങ്ങളെ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് ശ്ശാഘിക്കുകയും അവ പ്രായോഗികമാക്കുന്നതില്‍ സത്വര നടപടി സ്വീകരിക്കുകയും ചെയ്യുമെന്നു അറിയിക്കുകയും ചെയ്തു. സമ്മേളനത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ക്ക് അഭിവന്ദ്യ പിതാവ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഡോ. ഏബ്രഹാം മാത്യുവിന്റെ നന്ദി പ്രകാശനത്തോടെ സമ്മേളനം പര്യവസാനിച്ചു. ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്യന്‍ വേത്താനത്ത് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം