'ചിലങ്ക 2016' അല്‍ ഐനില്‍ ഏപ്രില്‍ 29ന്
Wednesday, April 27, 2016 5:49 AM IST
അല്‍ഐന്‍ (അബുദാബി): കലാസദനം സേതുമാസ്ററുടെ ശിക്ഷണത്തില്‍ ഏഴുപതില്‍പരം കുട്ടികള്‍ പങ്കെടുക്കുന്ന നൃത്ത സന്ധ്യ 'ചിലങ്ക 2016' എന്ന പേരില്‍ ഐഎസ്സി അല്‍ ഐനില്‍ ഏപ്രില്‍ 29നു (വെള്ളി) അരങ്ങേറും.

വൈകുന്നേരം 7.30 മുതല്‍ നടക്കുന്ന പരിപാടി പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ നാസര്‍ ബേപ്പൂര്‍ ഉദ്ഘാടനം ചെയ്യും. യാസിര്‍ ദുബായി പരിപാടിയുടെ അവതാരകനായിരിക്കും. ക്ളാസിക്കല്‍, സെമി ക്ളാസിക്കല്‍, ഫോള്‍ക്, സിനിമാറ്റിക്, ബോളിവുഡ് ഡാന്‍സുകള്‍ തുടങ്ങിയവ അരങ്ങേറും.

ഗള്‍ഫിന്റെ ഗാര്‍ഡന്‍ സിറ്റിയായ അല്‍ഐനില്‍ വര്‍ഷങ്ങളായി നടക്കുന്ന ഈ പരിപാടി ഇവിടുത്തെ കുട്ടികളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വേദികൂടിയാണ്. കഴിഞ്ഞ 25 വര്‍ഷത്തിലധികമായി അബുദാബിയില്‍ നൂറുകണക്കിനു കുട്ടികളെ നൃത്തം പരിശീലിപ്പിച്ച കലാസദനം സേതുമാസ്ററുടെ നിസ്വാര്‍ഥമായ സംഭാവനകള്‍ അല്‍ ഐനിലെ വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ഒരു മുതല്‍കൂട്ടാന്നെന്നു ഭാരവാഹികളുടെ യോഗം വിലയിരുത്തി. ഈ വര്‍ഷത്തെ നൃത്തസന്ധ്യ കാണികള്‍ക്കു വേറിട്ടൊരു അനുഭവമാകുമെന്നും യോഗം വിലയിരുത്തി.

അബുദാബിയിലെ എല്ലാ കലാസ്വാദകരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയകൃഷ്ണന്‍ മേനോന്‍