വരള്‍ച്ച: കര്‍ണാടകയ്ക്ക് 723 കോടിയുടെ സഹായം
Wednesday, April 27, 2016 5:42 AM IST
ബംഗളൂരു: വരള്‍ച്ചയുടെ പിടിയിലായ കര്‍ണാടകയ്ക്ക് വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 723 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നല്കും. സംസ്ഥാനത്തെ 20 ജില്ലകളില്‍ 98 താലൂക്കുകള്‍ വരള്‍ച്ചബാധിത പ്രദേശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 1,000 കോടിയുടെ സഹായം സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.

നാല്‍പതു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളാണ് വരള്‍ച്ചയുടെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. ഉത്തരകര്‍ണാടകയില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് കടന്നു. കാലാബുരാഗിയിലാണ് ഏറ്റവും കൂടതല്‍ ചൂട് അനുഭവപ്പെടുന്നത്. 43 ഡിഗ്രി സെല്‍ഷ്യസ്. ബല്ലാരി- 42 ഡിഗ്രി, റായ്ച്ചൂര്‍- 42 ഡിഗ്രി, ചിത്രദുര്‍ഗ- 40 ഡിഗ്രി, വിജയപുര- 41 ഡിഗ്രി, ഗദഗ്- 39 ഡിഗ്രി എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ചൂട്.

സംസ്ഥാനത്തെ കൃഷിയിടങ്ങള്‍ ഭൂരിഭാഗവും വരള്‍ച്ചയുടെ പിടിയിലായി. പലയിടങ്ങളിലും കുടിവെള്ളം പോലും കിട്ടാക്കനിയായി. ബംഗളൂരു അടക്കം അഞ്ചു ജില്ലകളില്‍ ജലമെത്തിക്കുന്ന കെആര്‍എസ് അണക്കെട്ടിലെ വെള്ളം ഏതാണ്ടു വറ്റിയതോടെ ഇവിടെനിന്നുള്ള ജലവിതരണം ഭാഗികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ പത്തു പ്രധാന അണക്കെട്ടുകളില്‍ 20 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. പ്രതിസന്ധിക്കു പരിഹാരം കാണാന്‍ സ്വകാര്യ കുഴല്‍ക്കിണറുകളെ ആശ്രയിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്കി. സ്വകാര്യ കുഴല്‍ക്കിണറുകളില്‍ നിന്നു ജലം ശേഖരിച്ച് വരള്‍ച്ചാബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യാനാണ് പദ്ധതി. കുഴല്‍ക്കിണര്‍ ഉടമകള്‍ക്ക് മാസം 20,000 രൂപ വാടക നല്കും.

മന്ത്രിസഭാ പുനഃസംഘടന വൈകും

സംസ്ഥാനത്തെ കൊടുംവരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുനഃസംഘടന വൈകും. ഈമാസം അവസാനം നടത്താനിരുന്ന പുനഃസംഘടന മാറ്റിവയ്ക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. സംസ്ഥാനത്ത് മഴ ലഭിച്ച ശേഷമേ മന്ത്രിസഭാ പുനഃസംഘടന നടത്തുകയുള്ളൂവെന്നും അടുത്ത മാസം നടത്താനിരുന്ന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷം മാറ്റിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഉത്തരകര്‍ണാടകയിലെ വരള്‍ച്ചാബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തുകയും കര്‍ഷകരുമായി സംവദിക്കുകയും ചെയ്തു.

നാളെ മുതല്‍ ബുധനാഴ്ച വരെയും മേയ് രണ്ട്, മൂന്ന് തീയതികളിലും വരള്‍ച്ചാബാധിത പ്രദേശങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും.ടി.ബി. ജയചന്ദ്ര, വി. ശ്രീനിവാസ് പ്രസാദ്, എച്ച്.കെ. പാട്ടീല്‍, ആര്‍.വി. ദേശ്പാണ്ഡെ എന്നിവരുടെ നേതൃത്വത്തിലുള്ള നാലംഗ മന്ത്രിസംഘം സംസ്ഥാനത്തെ വിവിധ വരള്‍ച്ചാബാധിത ജില്ലകളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.

മഴവെള്ള സംഭരണിയില്ലെങ്കില്‍ പിഴ

വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ എല്ലാ കെട്ടിടങ്ങള്‍ക്കും മഴവെള്ള സംഭരണി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം കര്‍ശനമാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. മഴവെള്ള സംഭരണി ഇല്ലാത്ത കെട്ടിടങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും വന്‍തുക പിഴയീടാക്കും. അടുത്തമാസം മുതല്‍ ഇതു നിലവില്‍ വരുമെന്നാണ് അറിയുന്നത്. നിയമം ലംഘിക്കുന്നവരില്‍ നിന്ന് ആദ്യ മൂന്നു മാസം ജല ബില്ലിന്റെ 25 ശതമാനം ഈടാക്കും. മൂന്നു മാസം കഴിഞ്ഞാല്‍ പിഴത്തുക ഇരട്ടിയാക്കും. 60 അടി ഉയരവും 40 അടി വീതിയുമുള്ള നഗരത്തിലെ എല്ലാ കെട്ടിടങ്ങളിലും മഴവെള്ള സംഭരണി സ്ഥാപിക്കണമെന്നാണ് നിയമം. 2011ലെ ബംഗളൂരു ജലവിതരണ മലിനജല നിയന്ത്രണ ബില്ലിലൂടെയാണ് നഗരത്തില്‍ മഴവെള്ള സംഭരണി നിര്‍ബന്ധമാക്കിയത്.