നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ മലയാളി മുസ്ലിം വേനല്‍സംഗമം 2016
Wednesday, April 27, 2016 4:55 AM IST
ഡെലവെയര്‍: ലംസ്പോണ്ട് പാര്‍ക്കില്‍ നടന്ന മലയാളി മുസ്ലിം കൂട്ടായ്മയുടെ സ്നേഹസംഗമം സംഘാടന മികവ് കൊണ്ടും നോര്‍ത്ത് ഈസ്റ് സംസ്ഥാനങ്ങളില്‍നിന്നെത്തിയവരുടെ പ്രാതിനിധ്യം കൊണ്ടും ശ്രദ്ധേയമായി. ന്യൂജേഴ്സി, പെന്‍സില്‍വാനിയ, ഡെലവെയര്‍, വെര്‍ജീനിയ, വാഷിംഗ്ടണ്‍ ഡിസി എന്നീ സംസ്ഥാനങ്ങളില്‍നിന്നായി ഏകദേശം മുപ്പത്തിയഞ്ചോളം കുടുംബങ്ങളാണ്, ഈ സംസ്ഥാനങ്ങളിലെ ലോക്കല്‍ മലയാളി മുസ്ലിം അസോസിയേഷനുകള്‍ സംയുക്തമായി സംഘടിപ്പിച്ച കൂട്ടായ്മക്കായി ഒത്തുകൂടിയത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അമേരിക്കയിലെത്തി ജീവിതം കെട്ടിപ്പടുത്ത പഴയ തലമുറ മുതല്‍ ഐടി ജോലിക്കായി അടുത്ത കാലത്തായി ഇവിടെ എത്തപ്പെട്ടവരും ഉള്‍പ്പെടെ മൂന്നു തലമുറകളാണ് സംഗമിക്കാനെത്തിയത്. ഫസ്റ് സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഡെലവെയറില്‍ വെച്ചു തന്നെ ഫസ്റ് മീറ്റപ്പ് നടന്നതും ഏറെ കൌതുകകരമായി.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ഒട്ടുമിക്ക ജില്ലകളില്‍നിന്നുമായി ഒരു കൊച്ചു കേരളം തന്നെ അതിനകം പാര്‍ക്കില്‍ വന്നണഞ്ഞിരുന്നു. പന്ത്രണ്ട് മണിയോടെ ഏകദേശം മുഴുവന്‍ പേരും എത്തിച്ചേര്‍ന്നെങ്കിലും, നിലക്കാത്ത ചാറ്റല്‍ മഴയും കാറ്റും കാര്യപരിപാടികളെ സാവധാനത്തിലാക്കി. മഴ മാറി മാനം തെളിയണേയെന്ന ഒരൊറ്റ പ്രാര്‍ത്ഥന മാത്രമായിരുന്നു എല്ലാരുടെയുമുള്ളിലപ്പോള്‍.

സംഗമത്തിന്റെ മുഖ്യ ആകര്‍ഷണം സ്വാദിഷ്ടമായ ഭക്ഷണം തന്നെയായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി മത്സരബുദ്ധിയോടെ ബാര്‍ബിക്യു ചെയ്യാനായി കൊണ്ടു വന്ന ചിക്കന്‍ ആയിരുന്നു പ്രധാന ഐറ്റം. കൂടാതെ, ബീഫ് ബര്‍ഗര്‍, കുട്ടികള്‍ക്കായി ഹോട്ട്ഡോട്ട് തുടങ്ങി വിഭവങ്ങളുടെ ഒരു നിര തന്നെ ഒരുക്കപ്പെട്ടിരുന്നു.

ളുഹര്‍ നമസ്കാരാനന്തരം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരുക്കിയിരുന്ന പലതരം ഗെയിമുകള്‍ തുടങ്ങിയതോടെ കുട്ടികളും സ്ത്രീകളും ആവേശത്തിലായി. മുഴുവന്‍ കുട്ടികളെയും മത്സരങ്ങളില്‍ പങ്കെടുക്കാനും കൂട്ടുകൂടാനുമുതകുന്ന തരത്തില്‍ വ്യത്യസ്തമാര്‍ന്ന ഇനങ്ങളൊരുക്കിയത് ശ്രദ്ധേയമായി. അവസാന ഇനമായ വടംവലി മത്സരത്തിന്, ന്യൂജേഴ്സി പെന്‍സില്‍വാനിയ (ജമ ചഷ) ടീം ഒരുവശത്തും വെര്‍ജീനിയ- ഡിസി (ഢമ ഉര) ടീം മറുവശത്തുമായി ഏറ്റുമുട്ടി. വാശിയേറിയ മത്സരത്തിനൊടുവില്‍ ജമചഷ ടീം വിജയികളായി.

വൈകുന്നേരം ആറോടെ പരിപാടികള്‍ക്കു സമാപനം കുറിച്ചുകൊണ്ട് നിറാര്‍ ബഷീര്‍ സാഹിബ് കുട്ടികള്‍ക്കുള്ള സമ്മാനവിതരണം നടത്തി. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്കി സന്തോഷിപ്പിക്കാന്‍ സംഘാടകര്‍ ശ്രദ്ധിച്ചത് ഹൃദ്യമായ കാഴ്ചയായിരുന്നു. ശിഹാബ് എടപ്പാള്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം