വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി
Wednesday, April 27, 2016 4:54 AM IST
ഷിക്കാഗോ: മൂന്നാം നൂറ്റാണ്ടില്‍ മതപീഡന കാലത്ത് ഡയക്ളീഷ്യന്‍ ചക്രവര്‍ത്തിക്കു മുമ്പില്‍ സധൈര്യം ക്രിസ്തീയ വിശ്വാസം പ്രഘോഷിച്ച് രക്തസാക്ഷിത്വംവരിച്ച വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ഭക്തിപൂര്‍വം ഷിക്കാഗോ കത്തീഡ്രല്‍ വിശ്വാസികള്‍ ആചരിച്ചു.

രാവിലെ പതിനൊന്നിനു നടന്ന ആഘോഷമായ ദിവ്യബലിയില്‍ രൂപത ചാന്‍സലര്‍ റവ.ഡോ. സെബാസ്റ്യന്‍ വേത്താനത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ വചനസന്ദേശം നല്‍കി. ഫാ. ജോസഫ് അറയ്ക്കല്‍ ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നു.

കടുത്ത പീഡനങ്ങള്‍ക്കിടയിലും വിശ്വാസം മുറുകെപിടിക്കുവാനും ഉത്തമ ക്രിസ്ത്യാനികളായി ജീവിക്കാനുമുള്ള അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കാന്‍ അഗസ്റിനച്ചന്‍ ഏവരേയും ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് തിരുസ്വരൂപ പ്രദക്ഷിണവും നേര്‍ച്ചയും നടത്തി. ഇടവകയിലെ ജോര്‍ജ് നാമധാരികള്‍ ഏറ്റെടുത്ത് നടത്തിയ തിരുനാള്‍ ആഘോഷങ്ങള്‍ക്കൊടുവില്‍ സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ബീന വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം