ചെര്‍ണോബില്‍ ദുരന്തത്തിന്റെ മുപ്പതാം വാര്‍ഷികാചരണത്തിനു തുടക്കം
Tuesday, April 26, 2016 8:00 AM IST
കീവ്: ലോകത്തെ ഞെട്ടിച്ച ചെര്‍ണോബില്‍ ആണവ ദുരന്തത്തിന്റെ മുപ്പതാം വാര്‍ഷികാചരണത്തിന് യുക്രയ്ന്‍ ഔദ്യോഗികമായി തുടക്കം കുറിച്ചു.

1986 ഏപ്രില്‍ 26നു പുലര്‍ച്ചെയായിരുന്നു ദുരന്തം. അതേ സമയത്തു തന്നെ വാര്‍ഷിക ദിനത്തില്‍ സൈറനുകള്‍ മുഴങ്ങി. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആണവ ദുരന്തമാണ് ചെര്‍ണോബിലിലേത്.

ആണവ നിലയത്തിന്റെ മേല്‍ക്കൂര ഇളകിത്തെറിക്കുംവിധം ശക്തമായ സ്ഫോടനത്തെത്തുടര്‍ന്നു ആണവ വികിരണം യുക്രയ്ന്‍ അതിര്‍ത്തിക്കു പുറത്ത് റഷ്യയിലേക്കും ബലാറസിലേക്കും വടക്കന്‍ യൂറോപ്പില്‍ ആകമാനവും വ്യാപിച്ചിരുന്നു.

ഉക്രൈയിനിലെ പ്രീപ്ളാറ്റ് എന്ന സ്ഥലത്തായിരുന്ന ആണവനിലയം സ്ഥിതിചെയ്തിരുന്നത്. അപകടത്തില്‍ 10,000 അധികം പേര്‍ മരിച്ചിരുന്നു. പിന്നീട് ഈ ദുരന്തത്തിന്റെ കെടുതികളില്‍പ്പെട്ട് അനേകം പേര്‍ തീരാ രോഗികളായും ശേഷിക്കുന്നവര്‍ ജീവഛവമായും തീര്‍ന്നിട്ടുണ്ട്. അന്നു രണ്ടര ലക്ഷം പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയത്. ഇതില്‍ നിരവധിയാളുകള്‍ സ്വസ്ഥാനങ്ങളിലേയ്ക്ക് തിരച്ചെത്തിയെങ്കിലും പുന:രധിവാസം പഴയതുപോല ആയിട്ടില്ല എന്നതാണ് വസ്തുത. റഷ്യ, ബലാറൂസ്, ഈസ്റേണ്‍ യൂറോപ്പിന്റെ ഭാഗങ്ങള്‍ എന്നീ പ്രവിശ്യയിലെ ജനങ്ങളാണ് ദുരന്തത്തില്‍ മരിച്ചതും കൂടുതല്‍ ഇരയായതും. രണ്ടുലക്ഷം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകള്‍ക്ക് റേഡിയേഷന്‍കൊണ്ട് അപകടം നേരിട്ടിരുന്നു. മുപ്പതു കിലോമീറ്റര്‍ ചുറ്റളവ് ഭൂമി ഇപ്പോഴും കുടിയൊഴിക്കപ്പെട്ടു കിടക്കുകയാണ്.

വാര്‍ഷികാചരണ ചടങ്ങില്‍ യുക്രെയ്ന്‍ പ്രസിഡന്റ് പെട്രോ പോറോഷെങ്കോ പങ്കെടുത്തു. ഇരകളുടെ കുടുംബങ്ങള്‍ക്കായി കീവിലെ പള്ളിയില്‍ ശുശ്രൂഷകളും സംഘടിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍