പോളി വര്‍ഗീസിനു സ്വീകരണം നല്കി
Tuesday, April 26, 2016 6:49 AM IST
വിക്ടോറിയ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും ലോകത്ത് 'മോഹന വീണ' എന്ന അപൂര്‍വ സംഗീത ഉപകരണം വായിക്കുന്ന അഞ്ചു പേരില്‍ ഒരാളുമായ പോളി വര്‍ഗീസിനു ബല്ലാരറ്റിലെ മലയാളി സമൂഹം ഏപ്രില്‍ 24 നു സ്വീകരണം നല്കി.

ബഹുമുഖ പ്രതിഭയായ പോളി വര്‍ഗീസ്, നാല്പതോളം ഏകാംഗ നാടകങ്ങളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇരുപതോളം സംഗീത ഉപകരണങ്ങളില്‍ പ്രാവീണ്യമുള്ള ഇദ്ദേഹം, ഇന്ത്യയിലെ ആദ്യ ഗ്രാമി അവാര്‍ഡ് ജേതാവായ പദ്മശ്രീ പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ടിന്റെ ശിഷ്യനാണ്. 56 ലീര്‍മോന്ത് സ്ട്രീറ്റില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം സിന്ധു ഭൈരവി, മേഘ മല്‍ഹാര്‍ എന്നീ രാഗങ്ങള്‍ മോഹനവീണയില്‍ ആലപിച്ചു. പ്രദുഷ് നാരായണ്‍ അദ്ദേഹത്തിനൊപ്പം തബല വായിച്ചു.

ചടങ്ങില്‍ ഫാ. സാജന്‍ എഴുനൂറ്റില്‍, ഒഐസിസി ദേശീയ ഉപാധ്യക്ഷന്‍ മാര്‍ട്ടിന്‍ ഉര്‍മീസ്, ബല്ലാരറ്റ് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് കുഷി മഹാരാജ്, ട്രഷറര്‍ ഹരിശങ്കര്‍, സുരേഷ് വല്ലത്ത്, ജോര്‍ജ് ബോസ്കോ, മലയാളം കള്‍ചറല്‍ സ്റഡി സെന്ററിനെ പ്രതിനിധീകരിച്ച് ഗായകരായ സേതുനാഥ് പ്രഭാകര്‍, സരിത സേതുനാഥ്, ദീപ ചന്ദ്ര റാം, കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സിജോ ഈന്തനങ്കുഴി, ജലേഷ് കൊട്ടാരത്തില്‍, ബല്ലാരറ്റ് മലയാളി കൂട്ടായ്മയുടെ സംഘാടകനായ സാജു പോള്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ലോകന്‍ രവി