ഫ്രാന്‍സിനെ യൂറോസോണില്‍നിന്നു പുറത്താക്കണം: എഎഫ്ഡി
Tuesday, April 26, 2016 6:36 AM IST
ബെര്‍ലിന്‍: ഫ്രാന്‍സിനെയും തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെയും യൂറോസോണില്‍നിന്നു പുറത്താക്കണമെന്നു ജര്‍മനിയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡി ആവശ്യപ്പെട്ടു.

ജര്‍മനിയുമായി സാംസ്കാരിക സാമ്യം പുലര്‍ത്തുന്ന നെതര്‍ലന്‍ഡ്സ്, ഓസ്ട്രിയ, ഫിന്‍ലന്‍ഡ്, ബാള്‍ട്ടിക് രാജ്യങ്ങള്‍ തുടങ്ങിയവയുമായി മാത്രമേ പൊതു കറന്‍സി പങ്കു വയ്ക്കേണ്ടതുള്ളൂ എന്ന നിലപാടാണ് എഎഫ്ഡി സ്വീകരിച്ചിരിക്കുന്നത്. ജര്‍മനിയെ പോലെ സ്ഥിരതയുള്ളതും ഈ രാജ്യങ്ങള്‍ക്കു മാത്രമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഫ്രാന്‍സിന്റെ സംസ്കാരം വ്യത്യസ്തമാണ്. ഇറ്റലിയുടെയും സ്പെയിനിന്റെയും ഗ്രീസിന്റെയും പോര്‍ച്ചുഗീസിന്റെയും കാര്യം പറയുകയും വേണ്ട. ചെലവുചുരുക്കല്‍ തന്നെ ആവശ്യമില്ലെന്നു പറയുന്നവരാണവര്‍- എഎഫ്ഡി കോ ലീഡര്‍ ജോര്‍ജ് മ്യൂത്തന്‍ പറഞ്ഞു.

മൂന്നു വര്‍ഷം മുന്‍പ് രൂപീകരിക്കപ്പെട്ട യൂറോവിരുദ്ധ പാര്‍ട്ടിയാണ് എഎഫ്ഡി. എന്നാല്‍, ഇപ്പോള്‍ പാര്‍ട്ടിയുടെ പ്രധാന അജന്‍ഡ കുടിയേറ്റവിരുദ്ധതയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍