ട്രാന്‍സ് അറ്റ്ലാന്റിക് സ്വതന്ത്ര വ്യാപാര കരാര്‍; ജര്‍മനിയില്‍ പ്രതിഷേധം ഇരമ്പുന്നു
Tuesday, April 26, 2016 6:35 AM IST
ഹാനോവര്‍: ഭാവിയില്‍ പ്രാബല്യത്തിലാക്കുന്ന യൂറോപ്യന്‍ യൂണിയനും അമേരിക്കയുമായുള്ള വ്യാപാര ഉടമ്പടിയില്‍ (ട്രാന്‍സ് അറ്റ്ലാന്റിക് സ്വതന്ത്ര വ്യാപാര കരാര്‍/ട്രാന്‍സ് അറ്റ്ലാന്റിക് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്മെന്റ് പാര്‍ട്ടണര്‍ഷിപ്പ്/ടിടിഐപി) പ്രതിഷേധിച്ച് ജര്‍മനിയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി.

ഹാനോവറില്‍ നടക്കുന്ന വ്യവസായിക എക്സിബിഷന്‍ പങ്കെടുക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെയും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് പ്ളക്കാര്‍ഡുകളുമേന്തി തിങ്കളാഴ്ച 35,000 ലധികം ജനങ്ങളാണ് പ്രതിഷേധിച്ചത്.

പാരിസ്ഥിതിക പ്രശ്നവും വേതനവും തൊഴില്‍ നീതിയും അട്ടിമറിക്കാന്‍ മാത്രമാണ് ഈ കരാര്‍ അമേരിക്ക ഉപയോഗിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ജനസ്വരം ഇരമ്പിയത്. ഇതു പ്രാബല്യത്തിലായാല്‍ ഒരു മില്യന്‍ ആളുകളുടെ തൊഴില്‍ നഷ്പ്പെടുമെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പു നല്‍കി. ടിടിഐപിയിലെ കരാര്‍ ഉടമ്പടിയിലെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും കാര്യങ്ങള്‍ സുതാര്യമാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ചുരുക്കിപറഞ്ഞാല്‍ ഈ കരാറുകൊണ്ട് കച്ചവടം പുഷ്ടിപ്പെടുമെങ്കിലും ഉപഭോക്താവിന്റെ സംരക്ഷണം, പരിസ്ഥിതി തുടങ്ങിയ കാര്യങ്ങളില്‍ ദോഷം മാത്രമേ ഉടലെടുക്കുകയുള്ളൂ എന്നര്‍ഥം.

എന്നാല്‍ ഞായറാഴ്ച നടന്ന പ്രതിഷേധ റാലിയില്‍ ഒരു ലക്ഷം പേര്‍ പങ്കെടുത്തതായാണു കണക്ക്. അമേരിക്കയിലെ തൊഴില്‍ നിയമങ്ങളും നീതിയും തൊഴിലാളിക്ക് നഷ്ടങ്ങള്‍ മാത്രമേ ഉണ്ടാക്കുന്നുള്ളുവെന്നും അതുതന്നെ യൂറോപ്പിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് അമേരിക്ക ഈ കരാറുവഴി ഉദ്ദേശിക്കുന്നതെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ ഉടമ്പടിക്കായുള്ള ആശയവിനിമയം മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ചതാണ്. ഇതിനെപ്പറ്റിയുള്ള ചര്‍ച്ച അടുത്ത തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ പുനരാരംഭിക്കാനിരിക്കെയാണ് അതിനു മുന്നോടിയായി ഒബാമ ജര്‍മനിയില്‍ എത്തിയത്. എന്നാല്‍ ഈ കരാറുകൊണ്ട് അറ്റ്ലാന്റിക് മേഖലയില്‍ തൊഴിലിനും വ്യാപാരത്തിനും പുതിയ മാനങ്ങള്‍ തുറക്കുകയാണെന്നാണ് ജര്‍മനിയില്‍ ഒബാമ വ്യക്തമാക്കിയത്. ജര്‍മന്‍ സമ്പദ് വ്യവസ്ഥയ്ക്കും യൂറോപ്യന്‍ സമ്പദ്വ്യവസ്ഥയ്ക്കും ഒരുപോലെ ഗുണകരമാവുമെന്നാണു കരാറിനെപ്പറ്റി മെര്‍ക്കല്‍ അഭിപ്രായപ്പെട്ടത്.

17 ശതമാനം ആള്‍ക്കാര്‍ മാത്രമേ ഈ കരാറിനെ ജര്‍മനിയില്‍ പിന്‍താങ്ങുന്നുള്ളുവെന്ന് അഭിപ്രായ സര്‍വേ വെളിപ്പെടുത്തിയിരുന്നു. രണ്ടു വര്‍ഷം മുമ്പ് ഇക്കാര്യത്തില്‍ 55 ശതമാനമായിരുന്നു ജനപിന്തുണ. മുമ്പ് ജര്‍മന്‍ കമ്പനികളുടെ എതിര്‍പ്പ് 25 ശതമാനത്തില്‍നിന്ന് 33 ശതമാനമായി ഉയര്‍ന്നതും കരാറിനെപ്പറ്റിയുള്ള ബോധവത്കരണമാവട്ടെ 55 ശതമാനത്തില്‍നിന്ന് 15 ശതമാനമായി ചുരുങ്ങിയതും പൊതുജനത്തിന്റെ ആശങ്ക ഏറെ വര്‍ധിപ്പിക്കുകയാണ്.

കരാര്‍ പ്രാബല്യത്തിലായാല്‍ നിലവിലുള്ള വേതനം അപ്പാടെ വെട്ടിക്കുറയ്ക്കുമെന്നും തൊഴില്‍ മാന്ദ്യം സംഭവിക്കുമെന്നും വിദഗ്ധര്‍ അടിവരയിട്ടു പറയുമ്പോള്‍ ജര്‍മനി ടിടിഐപിയെ പിന്താങ്ങുന്ന നടപടിയാണ് സ്വീകരിക്കാനൊരുങ്ങുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍, കാര്‍, എനര്‍ജി, ഫിനാന്‍സ്, കെമിക്കല്‍സ്, ഭക്ഷ്യം, പാനീയം എന്നീ വ്യവസായിക മേഖലകളെ താറുമാറാക്കുമെന്നും കരുതപ്പെടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍