ഗൃഹാതുര സ്മരണകളോരുക്കി ആര്‍എസ്സി സ്നേഹ സംഗമം
Monday, April 25, 2016 4:37 AM IST
ജിദ്ദ: സൌഹൃദങ്ങളുടെ നൊസ്റാള്‍ജിയ എന്ന തലവാചകത്തില്‍ മൂന്നു മാസമായി ആര്‍എസ്സി ആചരിച്ചു വന്നിരുന്ന സ്നേഹം സാമയികത്തിന്റെ സമാപന സമ്മേളനം 'സ്നേഹ സംഗമം' പ്രവാസി സമൂഹത്തിനു നവ്യാനുഭവമായി.

ഷറഫിയ്യ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന സംഗമം സയ്യിദ് ഹബീബ് അല്‍ ബുഖാരി തങ്ങളുടെ പ്രാര്‍ഥനയോടെ കേരള മുസ്ളിം ജമാഅത്ത് കാര്യദര്‍ശി വണ്ടൂര്‍ അബ്ദുള്‍റഹ്മാന്‍ ഫൈസി ഉത്ഘാടനം ചെയ്തു. ഈ അസഹിഷ്ണുത കാലത്ത് സ്നേഹവും സൌഹൃദങ്ങളും സാഹോദര്യവും മതേതരത്വവും നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഓര്‍മിപ്പിച്ചു.

മാനവിക രാഷ്ട്രീയം,സെക്ക്യുലര്‍ ടോക്ക്, വായനശാല, ഒത്തു പള്ളി, അന്ന് ഞങ്ങള്‍ എന്നീ സെഷനുകളിലായി രാജശേഖരന്‍ അഞ്ചല്‍ (ഒഐസിസി), അബൂബക്കര്‍ അരിമ്പ്ര (കെഎംസിസി), ഗഫൂര്‍ വാഴക്കാട് (ഐസിഎഫ്), ശരീഫ് സാഗര്‍ (ചന്ദ്രിക), സുബീഷ് മാസ്റര്‍, അബ്ദുള്‍നാസര്‍ അന്‍വരി തുടങ്ങിയ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക മേഖലകളിലെ പ്രമുകര്‍ പങ്കെടുത്തു.

പഴയകാലത്തിന്റെ ഗൃഹാതുര ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ചിത്ര പ്രദര്‍ശനം, ഗൃഹാതുര എക്സിബിഷന്‍, പെട്ടിക്കട, പുസ്തക ചന്ത എന്നിവ പോയ കാലത്തിന്റെ നന്മകള്‍ ഉണര്‍ത്തുന്നതായിരുന്നു. ആര്‍എസ്സി നാഷണല്‍ കലാലയം കണ്‍വീനര്‍ ലുഖ്മാന്‍ വിളത്തൂര്‍ പ്രമേയ പ്രഭാഷണവും സോണ്‍ ചെയര്‍മാന്‍ അലി ബുഖാരി സന്ദേശവും പ്രതിജ്ഞയും നടത്തി. നൌഫല്‍ ഏറണാകുളം സ്വാകതം ആശംസിച്ച പരിപാടിയില്‍ മാപ്പിളപ്പാട്ട്, കാവ്യാലാപനം, ലളിതഗാനം, കഥവായന, സ്നേഹ ഗീതം, വിപ്ളവ ഗാനം, മാലപ്പാട്ട് എന്നിവ കൊഴുപ്പേകി. സ്നേഹ ചങ്ങലയോടെ സംഗമം സമാപിച്ചു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍