ലോസ് ആഞ്ചലസില്‍ വിഷു ആഘോഷിച്ചു
Monday, April 25, 2016 1:01 AM IST
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയായിലെ ഭാരതീയര്‍ വിഷു ആഘോഷിച്ചു. ടസ്റനിലെ ചിന്മയ മിഷന്‍ കേന്ദ്രത്തില്‍ ഏപ്രില്‍ 23നു ഇന്ത്യ ഫെസ്റ് എന്ന പേരില്‍ വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരിക പരിപാടികള്‍ അവതരിപ്പിച്ചത് ആയിരത്തോളം വരുന്ന കാണികളില്‍ ഉത്സവ പ്രതീതി ഉളവാക്കി.

മഹാരാഷ്ട്രയുടെ നൃത്ത പരിപാടികളോടെ തുടങ്ങിയ ആഘോഷങ്ങള്‍ ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലെ കലാപരിപാടികളോടെയാണ് സമാപിച്ചത്. മലയാളി സംഘടനയായ ഓം അവതരിപ്പിച്ച തിരുവാതിരകളിക്കു പുറമെ ഉത്തര്‍പ്രദേശ്, ഒഡീഷ, തമിഴ്നാട്, കര്‍ണാടക, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന്‍, ജമ്മുകാഷ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള കലാകാരന്മാര്‍ വിവിധ കലാരൂപങ്ങള്‍ അവതരിപ്പിച്ചു.

രവി വെള്ളത്തിരിയുടെ നേതൃത്വത്തില്‍ ഒരുക്കിയ വിഷുക്കണിയും വിജി വിനോദ്, സിന്ധു പിള്ള, അര്‍ച്ചന വാര്യര്‍, സുധ ഹര്‍ഷദ്, ബിന്ദു സുരേഷ്, വിദ്യ രാജേഷ്, മഞ്ജു മേനോന്‍, അഞ്ജു മനോജ് എന്നിവര്‍ ചേര്‍ന്ന് തിരുവാതിരയും അവതരിപ്പിച്ചു. ചിന്മയ മിഷന്‍ ആചാര്യ സ്വാമി ഈശ്വരാനന്ദ പുതുവത്സര സന്ദേശവും വിഷു കൈ നീട്ടവും നല്‍കി. വിഭവസ സമൃദ്ധമായ ഡിന്നറോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: സന്ധ്യ പ്രസാദ്