ആര്‍സിസി പ്രോജക്ട്: ഡാളസ് മലയാളി അസോസിയേഷന്‍ സംഭാവന സമര്‍പ്പിച്ചു
Saturday, April 23, 2016 8:23 AM IST
ഡാളസ്: തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിന്റെ വികസനത്തിനായി ഫോമയുടെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മാണഫണ്ടിലേയ്ക്കുള്ള സംഭാവന പ്ളേയ്നോ അസ്റോറിയ ഓഡിറ്റോയിയത്തില്‍ നടന്ന ചടങ്ങില്‍ ഡാളസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബിനോയി സെബാസ്റ്യന്‍ അയ്യായിരം ഡോളറിന്റെ ചെക്ക് ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ ഫിലിപ്പ് ചാമത്തിലിനു കൈമാറി.

കടന്നു വന്ന വഴികളിലെ പ്രതിസന്ധികളെ ഉള്‍ക്കൊണ്ടുതന്നെ സ്വദേശ വിദേശ മലയാളികളുടെ സാമൂഹ്യവും സാംസ്കാരികവും ജീവകാരുണ്യപരവുമായ ആവശ്യങ്ങളെ മനസിലാക്കി വ്യക്തമായ കാഴ്ചപ്പാടുകളോടെ ഫോമ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അനുകരണിയവുമാണെന്നു ബിനോയി സെബാസ്റ്യന്‍ പറഞ്ഞു. ഫോമയുടെ സര്‍വതോന്മുഖ വിജയത്തിനായി അസോസിയേഷന്‍ ശക്തമായി നിലകൊള്ളും.

ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേലില്‍, സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ആര്‍സിസി പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജോസ് ഏബ്രഹാം തുടങ്ങിയ ഫോമ നേതാക്കളുടെ ക്രിയാത്മകവും ക്രമാനുഗതവുമായ സമര്‍പ്പണത്തിന്റേയും ഇടപെടലിന്റെയും സാക്ഷാത്കാരമാണ് തിരുവനന്തപുരം കാന്‍സര്‍ സെന്ററിന്റെ നിര്‍മാണ പൂര്‍ത്തീകരണം എന്ന് മറുപടി പ്രസംഗത്തില്‍ ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു.

കാന്‍സര്‍ രോഗികളുടെ എണ്ണം ദിനം പ്രതി കുതിച്ചുയരുന്ന കേരളത്തിലെ സ്വസഹോദരങ്ങള്‍ക്കുവേണ്ടി സമര്‍പ്പിക്കപ്പെടുന്ന അമേരിക്കന്‍ മലയാളിയുടെ സ്നേഹ സാന്ത്വനവും ആശ്വാസവുമാണ് ഒരു ലക്ഷം ഡോളറിലധികം മുടക്കു മുതലുള്ള ഈ നിര്‍മാണം. ഈ ആര്‍സിസി പ്രോജ്ടുമായി ഹൃദയപൂര്‍വം സഹകരിക്കുന്ന നോര്‍ത്ത് അമേരിക്കയിലെ എല്ലാ അസോസിയേഷനുകളേയും വ്യക്തികളേയും ഫിലിപ്പ് ചാമത്തില്‍ അനുമോദിച്ചു.

കണ്ണുള്ളപ്പോള്‍ കാഴ്ചയുടെ മഹിമ തിരിച്ചറിയാതിരിക്കുന്നതിനു സമമാണ് സഹജന്മങ്ങള്‍ക്കായി കഴിയുന്ന സഹായം ചെയ്യാതെ സ്വസുഖങ്ങള്‍ തേടിപ്പോകുന്നവരുടെ മായാമോഹങ്ങളെന്ന് സാംസ്കാരിക, ജീവകാരുണ്യപ്രവര്‍ത്തകനായ സജി നായര്‍ അഭിപ്രായപ്പെട്ടു.

അസോസിയേഷന്‍ സെക്രട്ടറി സാം മത്തായി, മീഡിയ കോഓര്‍ഡിനേറ്റര്‍ രവികുമാര്‍ എടത്വ, ട്രസ്റ് ബോര്‍ഡ് അംഗം ബിജു തോമസ്, ഡാളസ് സ്ട്രൈക്കേഴ്സ് വോളിബോള്‍ ക്ളബ് പ്രസിഡന്റ് സുനില്‍ വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.