പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ ലോകരാജ്യങ്ങള്‍ ഒപ്പുവച്ചു
Saturday, April 23, 2016 8:20 AM IST
ബെര്‍ലിന്‍: പോയ വര്‍ഷം ഡിസംബര്‍ 12നു പാരീസില്‍ ചേര്‍ന്ന യുഎന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ അംഗീകരിച്ച ലോക കാലാവസ്ഥ ഉടമ്പടിയില്‍ ഇന്ത്യയടക്കം 175 രാജ്യങ്ങള്‍ ഒപ്പുവച്ചു. ഒരു അന്താരാഷ്ട്ര ഉടമ്പടിക്കു ലഭിക്കുന്ന റിക്കാര്‍ഡ് പിന്തുണയാണിത്.

അന്താരാഷ്ട്ര ഭൌമദിനമായ ഏപ്രില്‍ 21 നാണു നിര്‍ണായക കരാറിനു ലോകരാജ്യങ്ങള്‍ ഒപ്പുവച്ചതോടെ അംഗീകാരം ലഭിച്ചത്. പാരീസില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ 195 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. കാലാവസ്ഥ വ്യതിയാനത്തിലെ ദൂരവ്യാപക പ്രത്യാഘാതങ്ങളില്‍നിന്നു ലോകത്തെ രക്ഷിക്കുന്നതിനുള്ള നിരവധി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഉടമ്പടി പൂര്‍ത്തിയാക്കിയത്.

യുഎന്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ഐക്യരാഷ്ട്രസഭയില്‍ വിളിച്ചു വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ കരാറില്‍ ഒപ്പുവച്ചു. ലോകത്തെ ആകെയുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ 55 ശതമാനമെങ്കിലും കുറയ്ക്കണമെന്ന് യുഎന്‍ ബാക്കിയുള്ള 55 രാജ്യങ്ങളെ ഓര്‍മിപ്പിച്ചിട്ടുണ്ട്. ഇവര്‍കൂടി ഒപ്പുവച്ച ശേഷമാണ് കരാര്‍ പ്രാബല്യത്തിലാവുകയുള്ളു. നിലവില്‍ കരാറില്‍ ഒപ്പുവയ്ക്കാത്ത രാജ്യങ്ങള്‍ക്ക് 2017 ഏപ്രില്‍ 21 വരെ സമയം അനുവദിച്ചിട്ടുണ്ട് യുഎന്‍.

നിലവില്‍ ആഗോള താപനിലയുടെ വര്‍ധന രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ കുറച്ചു കൊണ്ടുവരിക, ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറത്തുവിടുന്ന കല്‍ക്കരി, ഡീസല്‍, പെട്രോള്‍, ഗ്യാസ് തുടങ്ങിയ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് കാലക്രമേണ അവസാനിപ്പിക്കുക, കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ നേരിടുന്നതിനു കൂടുതല്‍ പണം ചെലവഴിക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്കു പുറമേ ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും രാജ്യങ്ങള്‍ കാര്യങ്ങളെപ്പറ്റി സ്വയം അവലോകനം ചെയ്യണമെന്നും 2050 നും 2100 നും മധ്യേ ഭൂമിയെ കാര്‍ബണ്‍ ന്യൂട്രവത്കരിക്കുക തുടങ്ങിയവയാണ് കരാറിലെ പ്രധാന നിര്‍ദേശങ്ങള്‍.

ലോകത്ത് മൊത്തം പുറന്തള്ളപ്പെടുന്ന വിഷവാതകത്തിന്റെ 55 ശതമാനവും ചൈന (20 ശതമാനം), യുഎസ് (17.8 ശതമാനം), റഷ്യ (7.5 ശതമാനം), ഇന്ത്യ (4.1 ശതമാനം), ജപ്പാന്‍ (3.7 ശതമാനം) എന്നീ രാജ്യങ്ങളില്‍നിന്നാണെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍