ഡിട്രോയിറ്റില്‍ കെഎച്ച്എന്‍എ നിശ സംഘടിപ്പിച്ചു
Saturday, April 23, 2016 8:20 AM IST
ഷിക്കാഗോ: മെട്രോ ഡിട്രോയിറ്റിലെ ഹൈന്ദവ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കാന്റെണ്‍ ഹിന്ദുക്ഷേത്ര ഓഡിറ്റോറിയത്തില്‍ 'ഹൈന്ദവ നിശ' കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു.

ഭാരതീയ സംസ്കാരങ്ങളും ഹൈന്ദവമൂല്യങ്ങളും സംരക്ഷിക്കുക 2017-ലെ ഡിട്രോയിറ്റ് ഹൈന്ദവ സംഗമം വിജയിപ്പിക്കുക എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി നടന്ന ഹൈന്ദവ കൂട്ടായ്മ, ഹിന്ദു ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ പ്രസാദ് ഭട്ട് വിഘ്നനിവാരണ മന്ത്രോച്ഛാരണങ്ങളോടുകൂടി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

സാര്‍വലൌകികമായ ഭാരത ദര്‍ശനത്തെക്കുറിച്ചും അനാദിയായ ഇന്ത്യന്‍ ഈശ്വരസങ്കല്പത്തെക്കുറിച്ചും ദേശീയ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ഐക്യനാടുകളിലെ അമ്പതില്‍പ്പരം പ്രവിശ്യകളിലായി അനുബന്ധ സംഘടനകളുടെ സഹകരണത്തോടെ നടത്തിവരുന്ന സാംസ്കാരിക, ആധ്യാത്മിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ആസന്നമാകുന്ന ഹിന്ദു കണ്‍വന്‍ഷനില്‍ പ്രതീക്ഷിക്കുന്ന മത, സാമൂഹിക,സാംസ്കാരിക നേതാക്കന്മാരേക്കുറിച്ചും സന്യാസിവര്യന്മാരേക്കുറിച്ചും ചെയര്‍മാന്‍ രാജേഷ് നായര്‍ വിശദീകരിച്ചു. കഴിഞ്ഞ കണ്‍വന്‍ഷനുകളില്‍ പങ്കെടുത്തപ്പോള്‍ ഉണ്ടായ വ്യത്യസ്തമായ അനുഭവങ്ങളെക്കുറിച്ച് റീജണല്‍ വൈസ് പ്രസിഡന്റ് ഡോ. ഗീതാ നായര്‍, ബൈജു പണിക്കര്‍ എന്നിവര്‍ പങ്കുവച്ചു.

വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരേയും ബിസിനസുകാരേയും ഉള്‍പ്പെടുത്തി ഡാളസില്‍ നടത്തിയ പ്രഫഷണല്‍ സമ്മിറ്റിന്റെ സ്വീകാര്യതയേയും പ്രസക്തിയേയും കുറിച്ച് ഗിരീഷ് നായര്‍ സംസാരിച്ചു. അകന്നുപോകുന്ന കുടുംബബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനും വിവിധ സംസ്ഥാനങ്ങളിലെ യുവതീ-യുവാക്കളുടെ ആരോഗ്യകരമായ സൌഹൃദക്കൂട്ടായ്മകള്‍ രൂപംകൊടുക്കുന്നതിനും കണ്‍വന്‍ഷന്‍ വേദികള്‍ എങ്ങനെ പ്രയോജനപ്പെടുത്തണമെന്നു വിശദമായി ബിന്ദു പണിക്കര്‍, ഡോ. സതി നായര്‍, യൂത്ത് ഫോറം ചെയര്‍ ശബരി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

കണ്‍വന്‍ഷന്റെ താമസ സൌകര്യം വിവിധതലത്തിലുള്ള സംഭാവനസമാഹരണത്തെക്കുറിച്ചും രജിസ്ട്രേഷന്‍ ചെയര്‍ സുനില്‍ പൈങ്ങോളും, കോ-ചെയര്‍ ശ്രീകുമാര്‍ കമ്പത്തും വിശദീകരിച്ചു.

കേരളത്തിലെ പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ് നമ്പൂതിരി രൂപകല്പന ചെയ്ത കണ്‍വന്‍ഷന്‍ ലോഗോ മെഗാ സ്പോണ്‍സറും ശ്രീ വെങ്കിടേശ്വര ക്ഷേത്ര ചെയര്‍മാനും നോവായ് എനര്‍ജി പ്രസിഡന്റുമായ ആനന്ദ് ഗംഗാധരന്‍ പ്രകാശനം ചെയ്തു.

കേവലം നാലു വര്‍ഷം പൂര്‍ത്തിയാക്കുന്ന മിഷിഗണ്‍ കെഎച്ച്എന്‍എ നേപ്പാളിലെ ദുരിതബാധിതര്‍ക്കായി പണം സമാഹരിച്ചതും ഫ്ളിന്റ് നഗരം ജല മലിനീകരണ ഭീഷണി നേരിട്ടപ്പോള്‍ 20,000 കൂപ്പി ജലം വിതരണം ചെയ്തതും ചാരിറ്റി ചെയര്‍ ശ്രീജാ ശ്രീകുമാര്‍ വിശദീകരിച്ചു. കൂടാതെ 'മീല്‍സ് ഓണ്‍ വീല്‍'പദ്ധതി, അന്ധവിദ്യാലയത്തിലെ സേവാ പ്രവര്‍ത്തനങ്ങളിലും സജീവമാണെന്ന കാര്യവും അനുസ്മരിച്ചു.

കെഎച്ച്എന്‍എ മിഷിഗണ്‍ പ്രസിഡന്റ് ഡോ. സതി നായര്‍, ജനറല്‍ സെക്രട്ടറി രാജേഷ് കുട്ടി, അവതാരക ഷോളി നായര്‍ എന്നിവര്‍ സംസാരിച്ചു.

സുഭാഷ് രാമചന്ദ്രന്‍, സന്ദീപ് പാലയ്ക്കല്‍, നീതു ശ്രീകാന്ത്, ബിനി പണിക്കര്‍, ജയ് മുരളി എന്നിവരുടെ സംഗീതവിരുന്ന് ചടങ്ങിന് കൊഴുപ്പേകി. സുദര്‍ശന കുറുപ്പ്, പ്രസന്ന മോഹന്‍, മനോജ് കൃഷ്ണന്‍, ബിനു പണിക്കര്‍, രഘു രവീന്ദ്രന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം