പിയര്‍ലന്‍ഡ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശ കര്‍മം മേയ് 29ന്
Saturday, April 23, 2016 8:17 AM IST
ടെക്സസ്: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ കീഴില്‍ പിയര്‍ലന്‍ഡ് കേന്ദ്രമായി പണികഴിപ്പിച്ച സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശ കര്‍മം മേയ് 29നു (ഞായര്‍) നടക്കും.

ഉച്ചകഴിഞ്ഞു 2.30ന് അഭിവന്ദ്യ പിതാക്കന്മാരെ ദേവാലയത്തിലേക്ക് ആനയിച്ചുകൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. മൂന്നിന് ആശീര്‍വാദ ചടങ്ങുകള്‍ ആരംഭിക്കും. വിശുദ്ധ കുര്‍ബാനയോടുകൂടെ ആശീര്‍വദിക്കപ്പെടുന്ന ദേവാലയം മാര്‍ ജേക്കബ് അങ്ങാടിയത്ത് ഇടവക സമൂഹത്തിനു സമര്‍പ്പിക്കും.

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയ് ആലപ്പാട്ട് എന്നിവരുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന കൂദാശ കര്‍മങ്ങളില്‍ ഇടവക വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കലിന്റെ നേതൃത്വത്തില്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി നിരവധി വൈദികരും സന്യസ്തരും അല്മായരും പങ്കെടുക്കും.

പൊതുസമ്മേളനത്തില്‍ അഭിവന്ദ്യ പിതാക്കന്മാരെ കൂടാതെ പിയര്‍ലന്‍ഡ് സിറ്റി മേയര്‍ ടോം റൈഡ്, സ്റാഫോര്‍ഡ് സിറ്റി കൌണ്‍സില്‍ അംഗം കെന്‍ മാത്യു തുടങ്ങിയവര്‍ക്കൊപ്പം നിരവധി വൈദികരും സിസ്റേഴ്സും അത്മായരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിവിധ ഇടവകകളിലെ പ്രതിനിധികളും പങ്കെടുക്കും. തുടര്‍ന്നു സ്നേഹവിരുന്നും ഇടവകയിലെ സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ ഗായകസംഘം ഒരുക്കുന്ന സംഗീതവിരുന്നും നടക്കും.

ഹൂസ്റണിലെ സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളിയുടെ ഭാഗമായിരുന്ന പിയര്‍ലന്‍ഡ് ക്ളിയര്‍ലേയ്ക്, ലീഗ് സിറ്റി, പാസഡീന, ഗാല്‍വസ്റണ്‍ തുടങ്ങിയ സ്ഥലങ്ങളിലെ വിശ്വാസികള്‍ക്ക് പ്രത്യേകമായ അജപാലന ശുശ്രൂഷ നിര്‍വഹിക്കുന്നതിനുവേണ്ടിയാണ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പിയര്‍ലന്‍ഡ് കേന്ദ്രമാക്കി സീറോ മലബാര്‍ മിഷന്‍ ആരംഭിക്കാന്‍ അനുവാദം തന്നതെന്ന് ഇടവക വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ ഓര്‍മിച്ചു.

2015 ഏപ്രില്‍ 11നു മാര്‍ ജേക്കബ് അങ്ങാടിയത്താണ് ദേവാലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച് കല്ലിടീല്‍ കര്‍മം നിര്‍വഹിച്ചത്.

കൂദാശ കര്‍മങ്ങളില്‍ പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക കമ്മിറ്റിക്കുവേണ്ടി കൈക്കാരന്മാര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസഫ് ഇടിക്കുള