ജര്‍മനിയിലെ ബാലെ ഫെസ്റിവലില്‍ താരമായി വിയന്ന മലയാളി യുവാവ്
Friday, April 22, 2016 5:43 AM IST
വിയന്ന: യുറോപ്യന്‍ ക്ളാസിക്കല്‍ നൃത്തലോകത്ത് വിസ്മയമായി വിയന്ന മലയാളി യുവാവ് ഫ്ളെമിംഗ് പുത്തന്‍പുരയില്‍ ശ്രദ്ധേയനാകുന്നു. പാശ്ചാത്യ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ പൌരാണിക നൃത്ത കലാരൂപമായ ബാലെയിലാണ് (ആമഹഹല) ഫ്ളെമിംഗ് ജര്‍മന്‍ മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചത്. കഴിഞ്ഞ ആഴ്ച ഹൈന്‍സ് ബോസ്ല്‍ ഫൌണ്േടഷന്‍ മ്യൂണിക്കിലെ ബാലെ അക്കാദമിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച വാര്‍ഷിക ബാലെ ഫെസ്റിവലില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചതാണ് ഫ്ളെമിംഗിന് ഇത്രയധികം വാര്‍ത്താ പ്രാധാന്യം നേടിക്കൊടുത്തത്. ലോകത്തിലെ വിവിധ നഗരങ്ങളില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മികച്ച കലാകാരന്മാര്‍ പങ്കെടുത്ത ഫെസ്റിവലായിരുന്നു ജര്‍മനിയില്‍ നടന്നത്.

അമേരിക്കയില്‍ നടക്കുന്ന പ്രശസ്ത ബാലെ ഫെസ്റിവലിന്റെ മുന്നോടിയായി ജര്‍മനിയില്‍ സംഘടിപ്പിച്ച വേദിയായിരുന്നു ഇത്.

പതിനഞ്ചാം നൂറ്റാണ്ടില്‍ രൂപംകൊണ്ട് ഫ്രാന്‍സിലും റഷ്യയിലുമായി വികാസം പ്രാപിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് യൂറോപ്പില്‍ പ്രശസ്തമായ ബാലെയില്‍ ഇന്ത്യന്‍ വംശജനായ ഒരു നൃത്ത വിദ്യാര്‍ഥി കാഴ്ചവച്ച പ്രകടനം പാശ്ചാത്യരുടെ ഇടയില്‍ ഏറെ പ്രശംസയും ആദരവും പിടിച്ചുപറ്റിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

വേള്‍ഡ് മലയാളി കൌണ്‍സില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച അന്തര്‍ദേശിയ യുവജനോത്സവത്തില്‍ കലാപ്രതിഭ പട്ടം നേടിയട്ടുള്ള ഫ്ളെമിംഗ് വിയന്നയിലെ ലോക പ്രശസ്തമായ സ്റാട്ട് ഒപെറില്‍ എട്ടു വര്‍ഷമായി ബാലെ നൃത്തം മുഖ്യ വിഷയമായി പഠിച്ചു ഡിപ്ളോമ സ്വന്തമാക്കി.

ഇപ്പോള്‍ ജര്‍മനിയില്‍ ബാലെയില്‍ ഉന്നതപഠനം നടത്തുകയാണ് ഫ്ളെമിംഗ്. കൂടല്ലൂര്‍ പുത്തന്‍പുരയില്‍ ഫെലിക്സിന്റെയും മര്‍ട്ടീനയുടെയും പുത്രനായ ഫ്ളെമിംഗ് ആറാം വയസുമുതല്‍ ഇന്ത്യന്‍ ക്ളാസിക്കല്‍ നൃത്തം അഭ്യസിച്ചു തുടങ്ങിയതാണ്. യുറോപ്പില്‍ സംഘടിപ്പിച്ച കലാമേളകളില്‍ ഭരതനാട്യം, കുച്ചുപുടി പോലെയുള്ള ഇനങ്ങളില്‍ പെണ്‍കുട്ടികളെ പോലും പിന്നിലാക്കി നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയട്ടുണ്ട്.

ചെറുപ്പംമുതല്‍ തന്നെ നൃത്തത്തെ നെഞ്ചിലേറ്റുന്ന ഈ കലാകാരന്‍, ബാലെ രംഗത്ത് കുടുതല്‍ ഗവേഷണങ്ങളും പ്രകടനങ്ങളും നടത്തി ഒരു മികച്ച ബാലെ ഗുരുവായി തീരാനാണ് ആഗ്രഹിക്കുന്നത്.

റിപ്പോര്‍ട്ട്: ജോബി ആന്റണി