സൌദിയില്‍ സ്വദേശിവത്കരണം ചില്ലറ വില്പന മേഖലയിലേയ്ക്കും കടക്കുന്നു
Friday, April 22, 2016 5:42 AM IST
ദമാം: സൌദിയില്‍ മൊബൈല്‍ ഫോണ്‍ മേഖലയ്ക്കു പുറമെ ചില്ലറ വില്പന മേഖലയിലെ പ്രധാന വിഭാഗങ്ങളിലും സ്വദേശി വത്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് ഈ ആഴ്ച പ്രഖ്യാപനം നടത്തുമെന്ന് തൊഴില്‍ മന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖ്ബാനി അറിയിച്ചു.

സൌദിയില്‍ കുടൂതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിക്കുന്നതിനുളള പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണ്.

ഇതു സംബന്ധിച്ച വിവരങ്ങള്‍ ഈ ആഴ്ച നടത്തുന്ന പ്രഖ്യാപനത്തില്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വദേശി വത്കരണം നടപ്പാക്കുന്ന വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ മുമ്പില്‍ രണ്ട് മാര്‍ഗങ്ങളാണുള്ളത്. ഒന്നുകില്‍ സ്വദേശിവത്കരണം നടപ്പാക്കുന്ന വിഭാഗങ്ങളില്‍നിന്ന് മറ്റു വിഭാഗങ്ങളിലേയ്ക്കു തൊഴില്‍ മാറ്റം നടത്തുക. അല്ലെങ്കില്‍ രാജ്യം വിടുക.

നിയമ ലംഘകരായി രാജ്യത്ത് തുടരാന്‍ ആരെയും അനുവദിക്കില്ലന്ന് മന്ത്രി പറഞ്ഞു. സൌദിയില്‍ വരുന്ന 85 ശതമാനം വിദേശ തൊഴിലാളികളും ജോലികളില്‍ പരിജ്ഞാനം കുറവുള്ളവരാണെന്ന് ഡെപ്യൂട്ടി തൊഴില്‍ മന്ത്രി അഹമ്മദ് അല്‍ ഹുമൈദാന്‍ പറഞ്ഞു.

സൌദിയിലെ തൊഴിലുടമകള്‍ കുറഞ്ഞ ശമ്പളക്കാരായ വിദേശികളെ ജോലിക്കു വയ്ക്കാനാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 14 ലക്ഷം വീസകളാണ് നല്‍കിയത്. ഇതില്‍ കൂടുതലും ബിനാമി ബിസിനസ് മേഖലലയിലാണ് ഉപയോഗിച്ചത്. വ്യാജ സ്വദേശി നിയമനവും ബിനാമി ബിസിനസും ഒരുപോലെ ഭീഷണിയാണെന്നും അഹമ്മദ് അല്‍ ഹുമൈദാന്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം