ഹസ്തദാനം നല്‍കിയില്ല; മുസ്ലിം സഹോദരന്മാരുടെ പൌരത്വ നടപടികള്‍ സ്വിറ്റ്സര്‍ലന്‍ഡ് റദ്ദാക്കി
Thursday, April 21, 2016 8:02 AM IST
ബെര്‍ലിന്‍: സ്വിറ്റ്സര്‍ലന്‍ഡിലെ സ്കൂളില്‍ അധ്യാപികമാര്‍ക്ക് ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ച വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ സ്വിസ് പൌരത്വത്തിന് അപേക്ഷ നല്‍കിയെങ്കിലും പൌരത്വ നടപടികള്‍ സിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍ റദ്ദാക്കി.

സ്വിറ്റ്സര്‍ലന്‍ഡില്‍ വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കു ഹസ്തദാനം നല്‍കുന്നതു സാധാരണമാണ്. എന്നാല്‍, കുടുംബത്തിനു പുറത്തുള്ള സ്ത്രീകളെ സ്പര്‍ശിക്കുന്നതു മതാചാരത്തിനു വിരുദ്ധമാണെന്ന വാദവുമായാണു രണ്ടു മുസ്ലിം കുട്ടികള്‍ ഹസ്തദാനം നിഷേധിച്ചത്. ഇത് രാജ്യത്ത് വലിയ വിവാദവുമായിരുന്നു. എന്നാല്‍ സ്ത്രീകളോടെന്നപോലെ പുരുഷന്‍മാര്‍ക്ക് കൈകൊടുക്കുന്നതും ഉപേക്ഷിക്കണമെന്നും അങ്ങനെയല്ലെങ്കില്‍ അത് ലിംഗവിവേചനമായി കണക്കാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഹസ്തദാനം നല്‍കുന്നതു സ്വിറ്റ്സര്‍ലന്‍ഡിലെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് നീതിന്യായ മന്ത്രി സിമൊനെറ്റ സൊമ്മറുഗ പ്രതികരിച്ചു.

കുട്ടികളുടെ പിതാവ് ബാസലിലെ ഒരു മോസ്കില്‍ ഇമാമാണ്. ജനുവരിയിലാണ് ഇവര്‍ അപേക്ഷ നല്‍കിയതെന്നും മാധ്യമങ്ങള്‍ പറയുന്നു.

പതിനാലും പതിനഞ്ചും വയസുള്ള കുട്ടികളുടെ ഹസ്തദാന നിഷേധം വിവാദമായതോടെ സ്കൂള്‍ അധികൃതരും വെട്ടിലായിരുന്നു. കുട്ടികളുടെ ആവശ്യപ്രകാരം അധ്യാപികമാര്‍ക്കു ഹസ്തദാനം നല്‍കുന്നതില്‍നിന്ന് ഒഴിവാക്കുന്നത് സ്ത്രീ വിവേചനമാകുമെന്ന് വാദമുയര്‍ന്നു. ഇതോടെ മുഴുവന്‍ അധ്യാപകര്‍ക്കും ഹസ്തദാനം നല്‍കുന്നതില്‍നിന്ന് അധികൃതര്‍ കുട്ടികളെ ഒഴിവാക്കുകയായിരുന്നു.

ഇത്തരത്തിലുള്ള ആളുകള്‍ എങ്ങനെ സ്വിസ് പൌരന്‍മാരായി സ്വിസ് സമൂഹത്തില്‍ ജീവിക്കുമെന്നും ഇവരെ വച്ച് എങ്ങനെ ഇന്റഗ്രേഷന്‍ സാധ്യമാകുമെന്നുമാണ് വലതുപക്ഷ സംഘടനകള്‍ ചോദിക്കുന്നത്.

80 ലക്ഷം ജനസംഖ്യയുള്ള സ്വിറ്റ്സര്‍ലന്‍ഡില്‍ മുസ്ലിംകളുടെ എണ്ണം മൂന്നര ലക്ഷത്തോളം വരും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍