മാണിക്യം ചാമിയപ്പനു കല കുവൈറ്റിന്റെ സഹായം
Thursday, April 21, 2016 6:03 AM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെ ഹൃദയസംബന്ധമായ അസുഖം മൂലം ആശുപത്രിയിലാവുകയും പിന്നീട് ജോലി നഷ്ടപ്പെടുകയും ചെയ്ത പാലക്കാട് സ്വദേശി മാണിക്യം ചാമിയപ്പനു കല കുവൈറ്റ് നാട്ടിലേക്കു പോകുവാനുള്ള വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കി.

അബാസിയ കലാ സെന്ററില്‍ നടന്ന ചടങ്ങില്‍ കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സി.കെ. നൌഷാദ്, പ്രസിഡന്റ് ആര്‍. നാഗനാഥന്റെ സാന്നിധ്യത്തില്‍ മാണിക്യത്തിന് യാത്രയ്ക്കുള്ള ടിക്കറ്റ് കൈമാറി. അനാരോഗ്യ അവസ്ഥയില്‍പോലും കമ്പനി അധികൃതരുടെ അശ്രദ്ധയും വീസ റദ്ദുചെയ്യാനായി വലിയൊരു തുക തിരിച്ചടക്കണമെന്ന കമ്പനിയുടെ പിടിവാശിയും മൂലം നാട്ടില്‍പോകാന്‍ വഴിയില്ലാതെവന്നപ്പോഴാണു മാണിക്യം കല കുവൈറ്റ് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടത്. കല കുവൈറ്റ് പ്രവര്‍ത്തകര്‍ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്നു മാണിക്യത്തിന്റെ വീസ റദ്ദു ചെയ്ത് പാസ്പോര്‍ട്ട് തിരികെ നല്‍കുകയും അദ്ദേഹം നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. സുരക്ഷിതമായി നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം കല കുവൈറ്റ് നല്‍കിയ സേവനങ്ങള്‍ക്കുള്ള നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍